വിധി കേട്ടിട്ടും കൂസലില്ലാതെ ചെന്താമര; കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകൾ, ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് സജിതയുടെ മക്കൾ

Saturday 18 October 2025 12:03 PM IST

പാലക്കാട്: നെന്മാറ വധക്കേസ്‌ വിധിയിൽ തൃപ്തിയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. കേരളത്തിലെ വളരെ സെൻസിറ്റീവായ കേസാണിത്. കേസിന്റെ വിശദാംശങ്ങൾ എല്ലാവർക്കും അറിയാം. ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താനും പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനും പൊലീസിന് സാധിച്ചെന്നും ഇത് നിർണായകമായെന്നും പാലക്കാട് എസ് പി അജിത് കുമാർ പറഞ്ഞു.

44 സാക്ഷികളുടെ മൊഴിയെടുത്തു. സാക്ഷിയെ പ്രതി ഭീഷണിപ്പെടുത്തിയതും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. മൂന്നേകാൽ ലക്ഷം പിഴയാണ് അടക്കേണ്ടത്. ജഡ്ജ്‌മെന്റ് കോപ്പി കിട്ടിയാലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും എസ് പി മാദ്ധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു. കോടതിക്കും ഒപ്പം നിന്നവർക്കും സജിതയുടെ മക്കൾ നന്ദി പറഞ്ഞു. സജിതയുടെ മക്കൾക്ക് സർക്കാർ ജോലി നൽകണമെന്ന് ബന്ധുക്കൾ പറഞ്ഞു.

വിധിയിൽ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. ഇരട്ട ജീവപര്യന്തമാണെന്ന് അറിഞ്ഞിട്ടും ചെന്താമരയുടെ മുഖത്ത് ഭാവവ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല. വളരെ ശാന്തനായി, അഭിഭാഷകനോടും മറ്റും ഇയാൾ സംസാരിച്ചു. പ്രോസിക്യൂഷൻ വധശിക്ഷ നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് വിലയിരുത്തിയാണ് കോടതി പ്രതിക്ക് വധശിക്ഷ നൽകാതിരുന്നത്.

ചെന്താമരയുടെ മാനസികനില ഭദ്രമാണ്. പ്രതി നന്നാകുമെന്ന പ്രതീക്ഷയില്ല. ഇനിയും കുറ്റകൃത്യം നടത്താൻ സാദ്ധ്യതയുണ്ട്. പരോൾ നൽകേണ്ട സാഹചര്യം വന്നാൽ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണം. പ്രതി പിഴ അടക്കുമെന്ന് കരുതുന്നില്ല. എന്നിരുന്നാലും സജിതയുടെ മക്കളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.