'27 മാസമായി ശമ്പളമില്ല, മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചു'; പഞ്ചായത്ത് ഓഫീസിനുമുന്നിൽ വയോധികൻ ജീവനൊടുക്കി

Saturday 18 October 2025 2:28 PM IST

ബംഗളൂരു: മേലുദ്യോഗസ്ഥരുടെ മാനസികപീഡനത്തിൽ മനംനൊന്ത് മുൻ സർക്കാർ ജീവനക്കാരൻ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജീവനൊടുക്കി. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഹോങ്കനുരു ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സംഭവം. ഇവിടെ 2016 മുതൽ വാട്ടർമാനായി ജോലി ചെയ്തിരുന്ന ചിക്കൂസ നായകാണ് മരിച്ചത്.

കഴിഞ്ഞ 27 മാസമായി തനിക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും ശമ്പളം ലഭിച്ചിരുന്നില്ലെന്നും ഇയാൾ മരിക്കുന്നതിനു മുൻപ് ആരോപിച്ചിരുന്നു. കുടിശ്ശികയുളള ശമ്പളം നൽകണമെന്ന് ചിക്കൂസ ആവശ്യപ്പെട്ടിരുന്നുവെന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് ഇയാൾ ജോലിയിൽ നിന്ന് രാജിവച്ചിരുന്നു. എന്നിട്ടും കുടിശ്ശികയുളള ശമ്പളം തന്നില്ലെന്ന് ചിക്കൂസ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

'പഞ്ചായത്ത് വികസന ഓഫീസറോടും (പിഡിഒ) ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോടും 27 മാസത്തെ ശമ്പളം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. പക്ഷെ അവർ എന്റെ അപേക്ഷ അവഗണിച്ചു. ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. ഉദ്യോഗസ്ഥർ നിരന്തരമായി മാനസികമായി പീഡിപ്പിച്ചു. എന്തെങ്കിലും അത്യാവശ്യത്തിന് അവധി ചോദിച്ചാൽ പകരം ആളെ കണ്ടെത്തി തരാൻ അവർ നിർബന്ധിക്കുമായിരുന്നു. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറുമണി വരെ ഓഫീസിൽ ഇരിക്കണമെന്നും നിർബന്ധിച്ചു. ഇവർ കാരണമാണ് ഞാൻ ജീവനൊടുക്കുന്നത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണം'- ചിക്കൂസ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞു.

സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്കെതിരെ പൊലീസ് കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തിയതിൽ പിഡിഓയെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കലബുറഗിയിൽ കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഒരു ലൈബ്രേറിയൻ ജീവനൊടുക്കിയിരുന്നു.