ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹം, ഭാര്യയെ കൊന്ന് അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
ബംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി അപകട മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ബംഗളൂരുവിലെ മരഗൊണ്ടനഹള്ളിയിൽ ഒക്ടോബർ 15നാണ് സംഭവം. 32കാരനായ വിജയനഗര സ്വദേശിയെയാണ് ബംഗളൂരു പൊലീസ് അറസ്റ്റു ചെയ്തത്. ഒമ്പത് മാസം മുമ്പാണ് ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം വിവാഹിതരായത്. ആദ്യ വിവാഹത്തിൽ യുവതിക്ക് 15 വയസ്സുള്ള മകളുണ്ടായിരുന്നു.
അപ്പാർട്ട്‌മെന്റിലെ കുളിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേറ്റാണ് ഭാര്യ മരിച്ചതെന്നാണ് ഭർത്താവ് ആദ്യം വീട്ടുകാരോട് പറഞ്ഞത്. എന്നാൽ തലേദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുളിമുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും മരിച്ച യുവതിയുടെ മകൾ മൊഴി നൽകിയതോടെയാണ് പൊലീസിന് സംശയം തോന്നിയത്.
യുവതിയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ഒക്ടോബർ 16ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് ദേഷ്യപ്പെട്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും തുടർന്ന് അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പ്രതി വ്യക്തമാക്കി.