പാലാ സിന്തറ്റിക് ട്രാക്ക്  തകർച്ചയിൽ.... പരിക്കേറ്റ് ഇവരുടെ കായിക സ്വപ്‌നങ്ങൾ

Sunday 19 October 2025 12:51 AM IST

കോട്ടയം : സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സിന്തറ്റിക്ക് ട്രാക്കുകളിലൊന്ന്. ചെലവഴിച്ചതാകട്ടെ 23 കോടി. പക്ഷേ, കായികകേരളത്തിന്റെ കുതിപ്പിന് ചാലകശക്തിയാകേണ്ട പാലാ മുനിസിപ്പൽ സ്റ്റേഡിയം അവഗണനയുടെ ട്രാക്കിലൂടെ ഓടാൻ തുടങ്ങിയിട്ട് കാലങ്ങളായി. രാഷ്ട്രീയക്കാർ അഭിമാനസ്തംഭമായി വാഴ്ത്തിയ സ്റ്റേഡിയം കായികസ്വപ്നങ്ങളുടെ കൂമ്പൊടിക്കുകയാണ്. എങ്കിലും പൊട്ടിപ്പൊളിഞ്ഞ് പാളീസായ സ്റ്റേഡിയമാണ് കായിക മത്സരങ്ങൾ നടത്താൻ ഏകആശ്രയം. കഴിഞ്ഞദിവസം ജില്ലാ കായികമേള അരങ്ങേറിയതും ഇവിടെ. തുടർച്ചയായ മത്സരങ്ങൾ മൂലം ട്രാക്ക് കൂടുതൽ തകർച്ചയിലേക്ക് നീങ്ങുകയാണ്. കായികതാരങ്ങൾക്ക് വീണ് പരിക്കേൽക്കുന്നതും തുടർക്കഥയായി. പലയിടത്തും ട്രാക്ക് പൊളിഞ്ഞ് അടർന്ന് മാറിയ നിലയിലാണ്. മുൻ വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കവും വെള്ളക്കെട്ടുമാണ് കാരണമെന്നാണ് പറച്ചിൽ. ട്രാക്ക് സ്ഥാപിച്ച കമ്പനിയാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. ഗ്യാരണ്ടി ഉണ്ടെന്നും തകരാർ സംഭവിച്ചാൽ മാറ്റി സ്ഥാപിക്കുമെന്നും പറഞ്ഞ് നഗരസഭയും കൈയൊഴിയുകയാണ്.

ഫിനിഷിംഗ് പൂർത്തിയാക്കാനാകാതെ

സിന്തറ്റിക്ക് ട്രാക്കും ഗ്രീൻഫീൽഡ് ഗ്രൗണ്ടും നിർമ്മിച്ച ശേഷം കൃത്യമായ അറ്റകുറ്റപ്പണികൾ ഇല്ലാത്തതാണ് തകരാൻ കാരണമെന്നാണ് ആക്ഷേപം. ട്രാക്കിന്റെ ഫിനിഷിംഗ് പോയിന്റ് ഭാഗത്താണ് ഏറെ തകർച്ച. 100 മീറ്ററിൽ കൂടുതൽ ദൂരത്തിൽ പൊളിഞ്ഞിരിക്കുകയാണ്. അത്‌ലറ്റിക് മീറ്റിലടക്കം നിരവധി താരങ്ങൾക്കാണ് ഫിനിഷിംഗ് പൂർത്തിയാക്കാനാകാതെ വന്നത്.

അറ്റകുറ്റപ്പണികൾ നടത്തുന്നതിനും നവീകരണത്തിനായും സംസ്ഥാന ബഡ്ജറ്റിൽ ഏഴുകോടി രൂപ അനുവദിച്ചെങ്കിലും ഒന്നും നടന്നില്ല. മുഖ്യമന്ത്രിയ്ക്ക് ഉൾപ്പെടെ നിവേദനം നൽകിയിട്ടും ഫലം കാണുന്നില്ല. അറ്റകുറ്റപ്പണികൾക്കൊണ്ട് ഇനി കാര്യമില്ലെന്നും, മുഴുവൻ പുതുക്കിപ്പണിയണമെന്നുമാണ് കായികാദ്ധ്യാപകർ പറയുന്നത്.

ആറ് ഏക്കർ വിസ്‌തൃതി

400 മീറ്റർ നീളത്തിൽ സിന്തറ്റിക് ട്രാക്ക്, വോളിബാൾ, ബാസ്‌ക്കറ്റ് ബാൾ, ഫുട്ബാൾ കോർട്ടുകൾ, സിന്തറ്റിക് വാക്ക് വേ എന്നിവയും അത്‌ലറ്റിക്‌സ് ഇനങ്ങൾക്ക് ആവശ്യമായ സൗകര്യവും സ്റ്റേഡിയത്തിലുണ്ട്. ഓപ്പൺ ജിം സേവനവുമുണ്ട്.

പോരായ്‌മകൾ മാത്രം ശോച്യാവസ്ഥയിൽ ടോയ്‌ലെറ്റുകൾ മഴയത്ത് ചോർന്നൊലിക്കുന്ന കെട്ടിടം ഡ്രസിംഗ് ചേയ്ഞ്ച് റൂമിലും അസൗകര്യം

സ്റ്റേഡിയം നിർമ്മിച്ചത് : 2017

''ഫണ്ട് അനുവദിച്ചെന്ന് പറയുന്നതല്ലാതെ പ്രവർത്തനം നടക്കുന്നില്ല. നിരവധിപ്പേരാണ് പരിശീലനങ്ങൾക്കായി എത്തുന്നത്. കായിക രംഗത്ത് നിരവധി സംഭാവന ചെയ്ത സ്റ്റേഡിയമാണിത്. നവീകരണം ഉടൻ യാഥാർത്ഥ്യമാക്കണം.

-(തങ്കച്ചൻ, പരിശീലകൻ)