പാടങ്ങളിൽ വളമിട്ട് പറന്ന് ഡ്രോണുകൾ

Sunday 19 October 2025 12:09 AM IST

കോട്ടയം : മണിക്കൂറുകൾക്കൊണ്ട് വളമിടും, മിനിറ്റുകൾ കൊണ്ട് വിതയ്ക്കും. ഒരു തൊഴിലാളി മതി, അപ്പർകുട്ടനാടൻ പാടങ്ങളിൽ ഡ്രോണുകൾ തരംഗമാകുകയാണ്. തൊഴിലാളികളുടെ കുറവും, സമയലാഭവുമാണ് കർഷകരെ ഡ്രോണിലേക്ക് അടുപ്പിക്കുന്നത്. നെൽക്കൃഷിക്ക് ഇടാനുള്ള ഫാക്ടംഫോസും യൂറിയയും പൊട്ടാഷും കൂട്ടിക്കലർത്താൻ മാത്രം തൊഴിലാളി മതി. ബാക്കിയുള്ള ജോലി ഡ്രോൺ ചെയ്യും. കഴിഞ്ഞ ദിവസം ചീപ്പുങ്കൽ മാലിക്കായൽ പാടശേഖരത്തെ 65 ഏക്കറിലെ വളമിടീൽ പൂർത്തിയാക്കാൻ ഏഴ് മണിക്കൂറാണ് വേണ്ടി വന്നത്. തൊഴിലാകളെ ഉപയോഗിച്ചാണേൽ അഞ്ചുദിവസം വരെ വേണ്ടിവരും. നെൽക്കൃഷിയിൽ യന്ത്രവത്ക്കരണമായതോടെ കൃഷിയോട് താത്പര്യം കൂടി ഈ മേഖലയിലേയ്ക്ക് ചെറുപ്പക്കാരടക്കം കൂടുതൽ പേർ കടന്നുവരുന്നുണ്ട്.

50 കിലോ വരെ

50 കിലോഭാരം വരെയുള്ള ഡ്രോണുകളാണ് ഇപ്പോൾ അപ്പർകുട്ടനാടൻ പാടങ്ങളിൽ ഉപയോഗിക്കുന്നത്. വിത്തു വിതയ്ക്കാനും വളം തളിക്കാനും വിളകളുടെ വളർച്ച നിരീക്ഷിക്കാനും ഡ്രോണുകളുണ്ട്. ഡ്രോൺ പറത്താൻ പ്രത്യേകം പരിശീലനവും നൽകുന്നുണ്ട്.

ചെളിനിറഞ്ഞ പാടത്തും വിത എളുപ്പം

ശാരീരിക അദ്ധ്വാനം കുറയ്ക്കാം കൃഷി മെച്ചപ്പെടുത്താം

ഒരു ഏക്കറിൽ വിത്ത് വിതയ്ക്കുമ്പോൾ 10 കിലോ വരെ ലാഭം

 കൈവിതയേക്കാൾ കാര്യക്ഷമം, കൂടുതൽ വിളവ്

നെൽച്ചെടികളിലേയ്ക്ക് വളം കൃത്യമായി എത്തുന്നു