ക്ഷേമനിധി ഫയലുകൾ കാണാനില്ല, ഇന്നും നാളെയും ചാക്കുകൾ തപ്പും
Sunday 19 October 2025 12:07 AM IST
കോട്ടയം : കള്ളുചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ കുടിശികയായിട്ടുള്ള അംഗങ്ങളുടെ ഫയലുകളിൽ ഏറെയും കാണാനില്ല. 101 ഫയലുകളിൽ 21 എണ്ണം മാത്രമാണ് ഓഫീസിലുള്ളത്. ഇതോടെ ഇന്നും നാളെയും പഴയചാക്കുകെട്ടുകൾ പരിശോധിച്ച് ഫയലുകൾ കണ്ടെത്താൻ അവധിയില്ലാതെ ഓഫീസിലെത്തണമെന്നാണ് ചീഫ് വെൽഫയർ ഫണ്ട് ഇൻസ്പെക്ടറുടെ നിർദ്ദേശം. കഴിഞ്ഞ 10 ന് ചെയർമാന്റെ അദ്ധ്യക്ഷതയിൽ കോട്ടയം വെൽഫയർ ഫണ്ട് ഇൻസ്പെകർ ഓഫീസിൽ ചേർന്ന യോഗത്തിലാണ് കുടിശികയായിട്ടുള്ള നിർണയ ഉത്തരവ് ഫയലുകൾ കാണാനില്ലെന്ന് കണ്ടെത്തിയത്. റെക്കോർഡ് റൂമിലെ ചാക്കുകെട്ടുകൾ പരിശോധിച്ച് ഫലയുകൾ കണ്ടെത്താനാണ് നിർദ്ദേശം. ഇതിനായി ഇന്നും നാളെയും മുഴുവൻ ജീവനക്കാരുടേയും അവധി ഒഴിവാക്കിയിട്ടുമുണ്ട്. പകരം മറ്റ് രണ്ട് ദിവസം അവധി നൽകും. ലഭിച്ച ഫയലുകളിൽ നവംബർ 30 ന് മുൻപായി നിർണയ ഉത്തരവുകൾ പുറപ്പെടുവിക്കണം.