കൺമണി പെണ്ണായിപ്പോയി​, ഭാര്യയ്ക്ക് അടി​യും തൊഴി​യും

Sunday 19 October 2025 12:30 AM IST

കൊച്ചി: ആദ്യത്തെ കൺമണി പെൺകുട്ടിയായത് ഭാര്യയുടെ കുറ്റമാണെന്ന് ആരോപിച്ച് 29കാരിയെ ദേഹോപദ്രവം ഏൽപ്പിച്ചും മാനസികമായി പീഡിപ്പിച്ചും ഭർത്താവിന്റെ കൊടുംക്രൂരത. എറണാകുളം അങ്കമാലിയിലാണ് സമൂഹ മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാടത്തം. കഴിഞ്ഞ നാലുവർഷമായി ദുരിതമനുഭവിക്കുകയായിരുന്നു 29കാരി. ഇവരുടെ പരാതിയിൽ ഇന്നലെ ഭർത്താവിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. അറസ്റ്റിലേക്ക് കടന്നിട്ടില്ല.

കഴിഞ്ഞദിവസം ഭർത്താവിന്റെ മർദ്ദനമേറ്റ് 29കാരി സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. വിവരം ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചതോടെയാണ് 2021 ജൂലായ് മുതൽ 29കാരി നേരിട്ട ദുരിതം പുറംലോകം അറിയുന്നത്. സാധാരണ ഗാർഹികപീഡനമെന്ന് പൊലീസ് ആദ്യം കരുതി. മർദ്ദനത്തിന്റെ കാരണം തിരക്കിയപ്പോഴാണ് പൊലീസുകാരുടെയും നെഞ്ചുലച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.

പുത്തൻകുരിശ് സ്വദേശിയാണ് യുവതി. പൊലീസ് ആവശ്യപ്പെട്ടപ്രകാരം സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. 2020 ജൂണിലാണ് അങ്കമാലി സ്വദേശിയുമായുള്ള ഇവരുടെ വിവാഹം. ഒരുവർഷം സന്തോഷം നിറഞ്ഞ ജീവിതം. 2021ൽ ഇവർക്ക് പെൺകുഞ്ഞ് പിറന്നു. ഇതിനുശേഷം ഭർത്താവ് ദേഹോപദ്രവം തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.

'

വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് അങ്കമാലി എസ്.എച്ച്.ഒ. പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗവും വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. 29കാരി പുത്തൻകുരിശിലെ സ്വന്തം വീട്ടിലാണെന്നാണ് വിവരം.

ഗാർഹിക പീഡനം: കണക്കുകൾ ഭർത്താവിന്റെ ക്രൂരതയ്‌ക്കെതിരെ ഈ വർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2814 കേസുകൾ. ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. പോയ വർഷം 4515 കേസുകളും 2023 ൽ 4710 കേസുകളുമാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഈ വർഷം 5 പേർ സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തു.

പെൺകുട്ടി ജനിച്ചത് 29കാരിയുടെ മാത്രം കുറ്റമാണ്. മോശം സ്ത്രീയാണെന്ന് പറഞ്ഞ് മാനസികമായി തളർത്തി. വീട്ടുജോലികളൊന്നും ചെയ്യുന്നില്ലെന്നും പീരീഡ്‌സ് ആയില്ലെന്നും വരെ പറഞ്ഞായിരുന്നു ഭർത്താവ് മർദ്ദിച്ചിരുന്നത്

എഫ്.ഐ.ആറിൽ പറയുന്നു