നവീകരണമില്ലാതെ ഇണ്ടിളയപ്പൻ ക്ഷേത്രക്കുളം

Sunday 19 October 2025 1:10 AM IST

ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളത്തിലെ ജലം ഉപയോഗിക്കുന്നത് പൂർണ്ണമായം തടഞ്ഞു കൊണ്ട് ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം ക്ഷേത്രക്കുളത്തിന് സമീപം ബോർഡ് സ്ഥാപിച്ചു. ക്ഷേത്രക്കുളത്തിലെ ജലം ഉപയോഗശൂന്യമെന്നും മൂന്ന് പതിറ്റാണ്ടായി ശുചീകരണമില്ലെന്നും കേരളകൗമുദി വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിലാണീനടപടി. നഗരാതിർത്തിയിൽ അമിബിക് മസ്തിഷ്കജ്വരവ്യാപനം തടയുന്നതിന്റെ ഭാഗമായി കുളത്തിലെ ജലത്തിൽ കുളിക്കുന്നതും വസ്ത്രങ്ങൾ കഴുകുന്നതും തുടങ്ങി എല്ലാ തരത്തിലുള്ള ഉപയോഗവും പൂർണമായും നഗരസഭ തടഞ്ഞിട്ടുണ്ട്.

33 വർഷമായി കുളം ശുചീകരിച്ചിട്ടില്ല

തിരുവിതാംകൂർ രാജഭരണക്കാലത്ത് നിർമ്മിച്ചതും ജില്ലയിലെ വലിപ്പമേറിയ ക്ഷേത്രക്കുളവുമാണ് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളം. മൂന്ന് ഏക്കറിലധികം വിസ്തൃതിയുള്ള ക്ഷേത്രക്കുളം ഒടുവിൽ നവീകരിച്ചത് 1992ലാണ്. 33 വർഷം കഴിഞ്ഞിട്ടും കുളം ശുചീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

നടപടിയില്ല

കാർഷിക മേഖലയിലെ ജീവനാടിയാണീ ക്ഷേത്രക്കുളം. കുളത്തിലേക്ക് അധികമായെത്തുന്ന വെള്ളം കുളത്തിന്റെ പടിഞ്ഞാറുവശത്തെ തൂമ്പ് വഴി കരിച്ചി തോട്ടിലേക്ക് ഒഴുക്കിവിടുകയായിരുന്നു പതിവ്. മാസങ്ങളായി വെള്ളം ഒഴുക്കികളയാനില്ലാത്ത അവസ്ഥയാണ്. കുളം നവീകരിക്കണമെന്നാവശ്യപ്പെട്ട് നവകേരളസദസിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം മൈനർ ഇറിഗേഷന് കൈമാറിയതായി മറുപടി വന്നെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല.

കുളം അവസാനം നവീകരിച്ചത് - 1992ൽ

വർഷങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളം ആരോഗ്യകരമല്ലെന്ന വിലയിരുത്തലാണിപ്പോൾ നഗരസഭ കൈക്കൊണ്ടത്.

അഞ്ചിടങ്ങളിൽ കുളത്തിലിറങ്ങാൻ പടിക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. ഒരിടത്ത് പടിപ്പുരയും

കുളത്തിൽ കെട്ടിക്കിടക്കുന്ന ജലം മലിനമെന്ന നിഗമനത്തിൽ വിദ്യാർത്ഥികളുടെ നീന്തൽ പരിശീലനം മുടങ്ങി.

പണ്ടുകാലത്ത് ക്ഷേത്രക്കുളത്തിൽ നിന്ന് സമീപത്തെ പണ്ടാരക്കുളത്തിലേക്ക് വെള്ളം ഒഴുക്കിവിട്ട് ജല ക്രമീകരണവും നടത്തിയിരുന്നു.