വഴി തെറ്റില്ല: അൽഷിമേഴ്‌സ് രോഗികൾക്ക് വഴികാട്ടിയായി സ്മാർട്ട് ഷൂ
തിരുവനന്തപുരം: അൽഷിമേഴ്സ് രോഗികൾ ഇനി വഴി തെറ്റിപ്പോകുമോ എന്ന് പേടിക്കണ്ട.സാരംഗിന്റെ സ്മാർട്ട് ഷൂ ഇട്ടിട്ടുണ്ടെങ്കിൽ,അവരുള്ള സ്ഥലം എളുപ്പത്തിൽ കണ്ടുപിടിക്കാനാകും.
കവടിയാർ ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 47-ാമത് ശാസ്ത്രമേളയിലാണ് ഒൻപതാം ക്ലാസുകാരൻ സാരംഗ്,അൽഷിമേഴ്‌സ് രോഗികളുള്ള സ്ഥലം കണ്ടുപിടിക്കാൻ കഴിയുന്ന സ്മാർട്ട് ഷൂ പ്രദർശിപ്പിച്ചത്.
രോഗികൾ ഒറ്റയ്ക്ക് പോകുമ്പോൾ വഴി തെറ്റിയാൽ ഷൂവിലൂടെ ബന്ധുക്കൾക്ക് അലർട്ട് ലഭിക്കും.
ട്രൈബോ ഇലക്ട്രിക് നാനോ - ജനറേറ്റർ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്മാർട്ട് ഷൂ രൂപകല്പന ചെയ്തിരിക്കുന്നത്.ഷൂവിട്ട് നടക്കുമ്പോഴുണ്ടാകുന്ന മർദ്ദം മൂലം,സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുണ്ടാവുകയും അതുവഴി ഷൂവിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ് പ്രവർത്തിക്കും. തുടർന്ന് ബന്ധുക്കളുടെ ഫോണിലെ ഗൂഗിൾ മാപ് വഴി ഇവരുള്ള സ്ഥലം കണ്ടുപിടിക്കാം.
ഷൂവിനകത്തുള്ള സിം കാർഡ് ഉപയോഗിച്ച് കണക്ട് ചെയ്‌തേക്കുന്ന ആൾക്ക് അലർട്ട് ലഭിക്കും.സാധാരണ ഫോണുകൾ പോലെ ചാർജ് ചെയ്യേണ്ടതില്ല. സ്മാർട്ട് ഷൂവിട്ട് നടക്കുമ്പോൾ സ്വയം വൈദ്യുതി ഉത്പാദിക്കും.അതിന്റെ സഹായത്താലാണ് ജി.പി.എസ് പ്രവർത്തിക്കുന്നത്.
വലിയമല ഐ.എസ്.ആർ.ഒ കേന്ദ്രം എയറോ സ്പേസ് എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ.വി.എസ്.സൂരജ് ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.സ്‌കൂൾ പ്രിൻസിപ്പൽ ഡോ.മാത്യു തെങ്ങുംപള്ളി സി.എം.ഐ,വൈസ് പ്രിൻസിപ്പൽ ഉഷ.ആർ,കോഓർഡിനേറ്റർ ബിനു.എസ്.രാജ് എന്നിവർ പങ്കെടുത്തു. താര എന്ന റോബർട്ടിന്റെ സാന്നിദ്ധ്യവും ഉദ്ഘാടനവേദിയിൽ കൗതുകമേകി.
ഒരു ചെറിയ എനർജി കൊണ്ട് പോലും ഒരാളുടെ ജീവനാണ് രക്ഷിക്കാനാകുന്നത്.അതാണ് എന്റെ കണ്ടുപിടിത്തം.
സാരംഗ്