അക്ഷരം അറിയേണ്ട, ചിത്രങ്ങൾ അപായസൂചന നൽകും; വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്കും ട്രാൻസ്പോണ്ടറുകൾ
വിഴിഞ്ഞം: അക്ഷരാഭ്യാസം ഇല്ലാത്തവർക്ക് ചിത്രങ്ങളുടെ സഹായത്തോടെ അപായസൂചനകൾ നൽകുന്നതിനുള്ള ട്രാൻസ്പോണ്ടറുകൾ ഇനി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്കും. പരമ്പരാഗത വള്ളങ്ങൾ മാത്രമുള്ള വിഴിഞ്ഞത്തിത് ആദ്യമായാണ് പരീക്ഷിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിൽ ട്രാൻസ്പോണ്ടറുകൾ എന്ന സാറ്റലൈറ്റ് അധിഷ്ഠിത ഉപകരണങ്ങൾ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് ഘടിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ 10 വള്ളങ്ങളിൽ ആദ്യം ഘടിപ്പിച്ചു.പരീക്ഷണം വിജയിച്ചതോടെ പരാമാവധി മത്സ്യത്തൊഴിലാളികൾക്ക് ട്രാൻസ്പോണ്ടറെന്ന ആശയവിനിമയ ഉപകരണം നൽകുന്നതിനായി നടപടികൾ ആരംഭിച്ചു. അക്ഷരാഭ്യാസം ഇല്ലാത്തവർക്കുപോലും മനസിലാകുന്ന തരത്തിൽ ചിത്രങ്ങളുടെ സഹായത്തോടെയാണ് അപായസൂചനകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അപകടത്തിൽപ്പെട്ടാൽ അലാറം മുഴക്കേണ്ട സംവിധാനവും വളരെ എളുപ്പത്തിൽ ഉപയോഗിക്കാനാവുന്ന രീതിയിലാണുള്ളത്. ആൻഡ്രോയ്ഡ് മൊബൈൽഫോണുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ആദ്യഘട്ടം 60 വള്ളങ്ങളിൽ ഇവ ഘടിപ്പിക്കും. കേരളം കൂടാതെ ഗുജറാത്ത്,മഹാരാഷ്ട്ര,ഗോവ,കർണാടക,തമിഴ്നാട്,പോണ്ടിച്ചേരി,ഒറീസ,ആന്ധ്രപ്രദേശ്,പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികൾക്ക് ഇവ നൽകിവരുന്നതായി ഫിഷറീസ് അധികൃതർ പറഞ്ഞു.
കരയുമായി ബന്ധപ്പെടാം
സാധാരണ ഫോണുകൾക്ക് ഒരു നിശ്ചിത പരിധികഴിഞ്ഞാൽ നെറ്റ്‌വർക്ക് കിട്ടില്ല, എന്നാൽ ഈ ഉപകരണം ഘടിപ്പിക്കുന്നതിലൂടെ എത്ര ദൂരത്തായാലും കരയുമായി ബന്ധപ്പെടാനാകും. വള്ളങ്ങൾ അപകടത്തിൽപ്പെട്ട് കടലിൽ കാണാതാകുന്ന സംഭവങ്ങളിൽ വള്ളത്തിന്റെ സ്ഥാനം കണ്ടെത്തി തിരികെ എടുക്കാനും സാധിക്കും.
ആദ്യം ഘടിപ്പിച്ചത്........10 വള്ളങ്ങൾക്ക്
അടുത്ത ഘട്ടത്തിൽ....... 60 വള്ളങ്ങളിൽ ഘടിപ്പിക്കും
അപേക്ഷകൾ മത്സ്യഭവൻവഴി
കേന്ദ്രം 60 ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവും നൽകി 100 ശതമാനം സബ്സിഡിയോടുകൂടിയാണ് ഇവ നൽകിവരുന്നത്. കേരള കളർക്കോഡ്,രജിസ്ട്രേഷൻ, ലൈസൻസ് എന്നിവയുള്ള വള്ളങ്ങൾക്ക് മാത്രമാണ് സാറ്റലൈറ്റ് അധിഷ്ഠിത ഉപകരണം നൽകുക. അപേക്ഷകൾ മത്സ്യഭവനുകൾവഴി സ്വീകരിക്കും. മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ സൗകര്യപ്രദമായ രീതിയിൽ ലാൻഡിംഗ് സെന്ററുകളിലെത്തിക്കുന്ന മുറയ്ക്ക് ട്രാൻസ്പോണ്ടർ ഘടിപ്പിച്ചു നൽകും. ഇവ ഉപയോഗിക്കുന്നതിനുള്ള പരിജ്ഞാനം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ മത്സ്യഭവൻ കേന്ദ്രീകരിച്ചും ലാൻഡിംഗ് സെന്റർ കേന്ദ്രീകരിച്ചും നടന്നുവരികയാണ്. ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ട്രാൻസ്പോണ്ടറുകൾ ഐ.എസ്.ആർ.ഒയാണ് വികസിപ്പിച്ചത്.