ആറളം ഫാം സ്കൂളിന്റെ ദുരിതം ഒഴിയുന്നു ഹയർസെക്കൻഡറി പുതിയ ബ്ളോക്കിലേക്ക്

Saturday 18 October 2025 8:56 PM IST

കണ്ണൂർ : നൂറു ശതമാനം വിദ്യാർത്ഥികളും പട്ടികവർഗത്തിൽ പെട്ട ആറളം ഫാം സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം കുട്ടികൾ അനുഭവിച്ചുവന്ന ദുരിതത്തിന് പരിഹാരമാകുന്നു. നവംബർ 17ന് പുതിയ ബ്ളോക്കിന്റെ ഉദ്ഘാടനത്തോടെ ഹയർസെക്കൻഡറി കുട്ടികൾക്ക് സ്വന്തമായ ക്ളാസ് മുറികൾ ലഭിക്കും. ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് നവീകരിച്ച കെട്ടിടം പ്രസിഡന്റ് കെ.കെ.രത്നകുമാരിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

2019ൽ പ്രത്യേക ഉത്തരവിലൂടെയാണ് സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചത്. സ്വതവേ സൗകര്യം കുറഞ്ഞ ഹൈസ്‌കൂൾ വിഭാഗത്തിന്റെ ക്ലാസ് മുറികളിലാണ് ഹയർസെക്കന്ററി ക്ളാസുകളും തുടങ്ങിയത്.

പ്ലസ് വൺ ഹ്യൂമാനിറ്റീസ് ,കൊമേഴ്‌സ് എന്നീ കോഴ്‌സുകളാണ് ആറളം ഫാം സ്കൂളിലുള്ളത്.ഹയർസെക്കൻഡറി വിഭാഗത്തിലും 90 ശതമാനവും വും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ്. നബാർഡ് പദ്ധതിയിൽ 2019ൽ തന്നെ പൂർത്തിയാക്കിയ കെട്ടിടം ക്ലാസിനായി തുറന്നു കൊടുത്തിരുന്നില്ല.വിദ്യാർത്ഥികളുടെ പഠന ദുരിതം പുറത്തു വന്നതോടെയാണ് ജില്ലാപഞ്ചായത്ത് സ്കൂൾ കെട്ടിടം നവീകരിക്കാൻ തീരുമാനിച്ചത്.

കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം നിലനിൽക്കുന്ന പ്രദേശത്ത് സ്‌കൂൾ കെട്ടിടത്തിന് ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വലിയ ചുറ്റുമതിൽ തീർത്തിട്ടുണ്ട്.

ആധൂനിക ക്ളാസ് മുറികൾ

ആധുനിക രീതിയിലുള്ള ക്ലാസ് മുറികളാണ് നബാർഡ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.ക്ളാസ് മുറികളിൽ ഡിജിറ്റൽ ബോർഡുകൾ ഉൾപ്പെടെ സജ്ജീകരിച്ചു . ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് ഇവ ഒരുക്കിയതും.

അദ്ധ്യാപകർക്കും വേണം സൗകര്യങ്ങൾ

ഹയർസെക്കൻഡറി വിഭാഗം പുതിയ ഹയർസെക്കൻഡറി ബ്ലോക്കിലേക്ക് മാറുന്നതോടെ വിദ്യാർത്ഥികളുടെ ദുരിതം അവസാനിക്കുമെങ്കിലും അദ്ധ്യാപകർ പരാതിയുടെ നടുവിലാണ് .ആധുനിക രീതിയിലുള്ള ഓഫീസ് മുറികളും സജ്ജീകരണങ്ങളും ഒരുക്കണമെന്നാണ് അവരുടെ ആവശ്യം.