രവീണ രവിക്ക് ദീപാവലി സമ്മാനം രണ്ട് നായികമാർ, ഒരേ ശബ്ദം
ദീപാവലി റിലീസായി എത്തിയ തമിഴ് ചിത്രങ്ങളായ ബൈസൺ- കാലമാടനിലും ഡീസലിലും നായികമാർക്ക് ശബ്ദം നല്കിയത് അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രവീണ രവി. മാരി സെൽവരാജ് സംവിധാനം ചെയ്ത ബൈസൺ കാലമാടനിൽ നായികമാരിലൊരാളായ രജിഷ വിജയനും ഡീസലിലെ നായിക അതുല്യ രവിക്കുമാണ് രവീണ ശബ്ദം നല്കിയത്. ഫഹദ് ഫാസിലും വടിവേലുവും പ്രധാന വേഷങ്ങളവതരിപ്പിച്ച മാമന്നനിൽ ഫഹദിന്റെ നായികയായിരുന്നെങ്കിലും രവീണയ്ക്ക് അതിൽ ഒരു ഡയലോഗ് പോലുമില്ലായിരുന്നുവെന്നതാണ് രസകരം.അതേസമയംനടി എന്ന വിലാസത്തിലും തിളങ്ങുകയാണ് രവീണ രവി. 2012ൽ സട്ടായി എന്ന ചിത്രത്തിൽ മഹിമ നമ്പ്യാർക്ക് ശബ്ദം നൽകിയാണ് രവീണയുടെ തുടക്കം. പാരമ്പര്യത്തിന്റെ വഴിയിൽനിന്നാണ് രവീണയുടെ വരവ്. ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടെ മകളാണ് രവീണ. മുത്തശ്ശി കണ്ണൂർ നാരായണിയും ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നു.
ഭാസ്‌കർ ദ റാസ്‌കൽ സിനിമയിൽ നയൻതാരയ്ക്ക് ശബ്ദം നൽകിയത് വഴിത്തിരിവായി. ലണ്ടൻ ബ്രിഡ്ജ്, മധുരനാരങ്ങ, തോപ്പിൽ ജോപ്പൻ, ജോമോന്റെ സുവിശേഷങ്ങൾ, കായംകുളം കൊച്ചുണ്ണി, ലവ് ആക്‌ഷൻ ഡ്രാമ തുടങ്ങി ഒട്ടേറെ സിനിമകളിൽ നായികാ സ്വരമായി. അന്യ ഭാഷയിലും നായികമാർക്ക് ശബ്ദം നൽകി. മലയാളത്തിൽ നിത്യഹരിതനായകൻ ആണ് നായികയായി അഭിനയിച്ച ആദ്യ സിനിമ. ആസാദി ആണ് രണ്ടാമത്തെ ചിത്രം. വള ആണ് രവീണ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം.