പൊട്ടിച്ചിരിപ്പിച്ച് ഒരു കോടി കടന്ന് പെറ്റ് ഡിറ്റക്ടീവ്
ഷറഫുദീൻ ഹിറ്റ് ട്രാക്ക് തുടരുകയാണെന്ന് തെളിയിച്ച് കുടുംബപ്രേക്ഷകരെയും കുട്ടികളെയും പൊട്ടിച്ചിരിപ്പിച്ച് ദ പെറ്റ് ഡിറ്റക്ടീവ് മുന്നേറുന്നു. റിലീസ് ചെയ്ത് രണ്ടാം ദിവസം ഒരു കോടിക്ക് മുകളിൽ കളക്ഷൻ നേടി. അവധി ദിനങ്ങളായ ഇന്നും നാളെയും വൻ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ, നവാഗതനായ പ്രനീഷ് വിജയൻ സംവിധാനം ചെയ്ത ചിത്രം ഫൺ മൂഡിൽ കണ്ടിരിക്കാം. മെക്സിക്കോയിൽ ഡിറ്റക്ടീവായി പ്രവർത്തിച്ച ജോസ് അലൂലയുടെയും മകൻ ടോണിയുടെയും മെക്സിക്കൻ അധോലോക നായകൻ പീറ്റർ മുണ്ടാക് സമ്പായിയുടെയും കഥയാണ് ചിത്രം പറയുന്നത്. പ്രണയവും അതിനിടയിലെ ചില കോമഡി സീക്വൻസുകളുമെല്ലാമായി മുന്നേറുന്ന സിനിമ സമാന്തരമായി കുറ്റാന്വേഷണ ട്രാക്കിലേക്കും പോകുന്നു . പ്രധാന കഥാപാത്രമായ കൈകേയി ആയി അഭിനയിച്ച അനുപമ പരമേശ്വരന്റെ അഭിനയം ശ്രദ്ധേയമാണ്. എസ് ഐ രജത്തായി വിനയ് ഫോർട്ടും തിളങ്ങി. കോമഡിയും നന്നായി വഴങ്ങുമെന്ന് തെളിയിക്കുന്നുണ്ട് രൺജി പണിക്കരുടെ അലൂല . വിജയരാഘവൻ അവതരിപ്പിച്ച ദിൽരാജ് വേറിട്ടതാണ്. മാല പാർവതി, ഭഗത് മാനുവൽ, നിഷാന്ത് സാഗർ, വിനായകൻ, ജോമോൻ ജ്യോതിർ, ഷോബി തിലകൻ, സഞ്ജു, നിലീൻ സാന്ദ്ര എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ.ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീനും ചേർന്നാണ് നിർമ്മാണം. വിതരണം - ഡ്രീം ബിഗ് ഫിലിംസ്, പി. ആർ. ഒ ആന്റ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.