മെഗാ നവംബർ

Sunday 19 October 2025 3:03 AM IST

മമ്മൂട്ടിയുടെ കളങ്കാവൽ, മോഹൻലാലിന്റെ തെലുങ്ക് ചിത്രം വൃഷഭ, ദുൽഖർ സൽമാന്റെ തമിഴ് ചിത്രം കാന്താ എന്നിവയാണ് നവംബർ മാസത്തിലെ മേജർ റിലീസ്. കളങ്കാവലിന്റെയും കാന്തയുടെയും റിലീസ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുചിത്രങ്ങളും നവംബറിൽ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലിൽ വിനായകനും മമ്മൂട്ടിയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനായകൻ നായകനും മമ്മൂട്ടി വില്ലനും. 21 നായികമാരും അണിനിരക്കുന്നു. രജിഷ വിജയൻ, മേഘ തോമസ്, ഗായത്രി അരുൺ തുടങ്ങിയവരാണ് നായികമാർ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മാണം. അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന വൃഷഭ നവംബർ 6ന് ലോക വ്യാപകമായി റിലീസ് ചെയ്യും. മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് വൃഷഭ. തെലുങ്കിലെ യുവ സംവിധായകരിൽ ശ്രദ്ധേയനായ നന്ദകിഷോർ ആണ് വൃഷഭ ഒരുക്കുന്നത്. ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം ആണ് കാന്ത. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. ദുൽഖർ സൽമാനൊപ്പം റാണ ദഗുബട്ടി, സമുദ്ര‌ക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.ഇടവേളയ്ക്കുശേഷം ആണ് ദുൽഖർ തമിഴിൽ എത്തുന്നത്. റാണ ദഗുബട്ടിയുടെ സ്‌പിരിറ്റ് മീഡിയയും നിർമ്മാണ പങ്കാളിയാണ്.