സർക്കാർ ആശുപത്രികളിൽ കൊവിഡിന് ശേഷം രോഗികൾ കൂടി;ഡോക്ടർമാർ കുറഞ്ഞു
കണ്ണൂർ: കൊവിഡിന് ശേഷം സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വമ്പൻ വർദ്ധവ് രേഖപ്പെടുത്തുമ്പോൾ ആനുപാതികമായി ഡോക്ടർമാരില്ല. ശരാശശി സർക്കാർ ആശുപത്രികളിലെ ഒ.പി കളിൽ 250 രോഗികൾ എത്തുമ്പോൾ ഒരു മിനുട്ട് പോലും പരിശോധനയ്ക്ക് ലഭിക്കാത്ത വിധത്തിലാണ് ഡോക്ടർമാരുടെ വിന്യാസം.
കണ്ണൂർ ജില്ലയിൽ മാത്രം 82 ഡോക്ടർമാരുടെ ഒഴിവ് തന്നെ നിലവിലുണ്ട്.രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ഡോക്ടർമാരുടെ അനുപാതം വർദ്ധിപ്പിക്കേണ്ടതാണെന്നിരിക്കെയാണ് നേരത്തെയുള്ള തസ്തികകൾ തന്നെ ഒഴിഞ്ഞുകിടക്കുന്നത്. ഒ.പി ചികിത്സ നടത്തേണ്ട ഡോക്ടർമാർ തന്നെയാണ് പലയിടങ്ങളിലും അത്യാഹിത വിഭാഗത്തിൽ കേസുകൾ അറ്റൻഡ് ചെയ്യേണ്ടതും റൗണ്ട്സിന് പോകേണ്ടതും. ഇത്രയും പ്രതിസന്ധികൾ ഉണ്ടായിട്ടും പുതിയ നിയമനം നടത്താത്തത് രോഗികൾക്കും ഡോക്ടർമക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് അമിത ഭാരത്തിനും ഈ നിലപാട് ഇടയാക്കുന്നു.
ആശുപത്രി പഴയ ആശുപത്രിയല്ല,
സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യവും
യൂറോളജി, നെഫ്രോളജി, കാർഡിയോളജി വിഭാഗങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം പോലും ജില്ലയിൽ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. തലശ്ശേരി ജനറൽ ആശുപത്രിയിലും കണ്ണൂർ ജില്ല ആശുപത്രിയിലുമാണിത്. കോടികൾ മുടക്കി ഉപകരണങ്ങളടക്കം സജ്ജമാക്കിയെങ്കിലും പല വിഭാഗങ്ങളിലും സ്ഥിരനിയമനം ഇനിയും നടന്നിട്ടില്ല. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ 150 രോഗികളെയാണ് ഒരു ദിവസം പരിശോധിക്കുന്നത്. ഇതു തന്നെ വലിയ നമ്പറാണ്. സമയക്കുറവ് ചികിത്സ നിലവാരം കുറയാൻ ഇടയാക്കുമെന്ന പരാതി ഡോക്ടർമാർക്ക് തന്നെയുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ രോഗികളുടെ പ്രശ്നങ്ങൾ പൂർണമായും കേൾക്കാൻ തയ്യാറാകുമ്പോൾ സർക്കാർ ആശുപത്രികളിൽ അതിനുള്ള സമയം ലഭിക്കുന്നില്ലെന്ന് രോഗികൾ പരാതിപ്പെടുന്നു. ഭീമമായ തുക നൽകി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയാത്തവർക്ക് സർക്കാർ ആശുപത്രികളിൽ മതിയായ സജ്ജീകരണങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം. ഒഴിവുകൾ സർക്കാരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് മിക്ക ആശുപത്രി അധികൃതരും വിശദീകരിക്കുന്നത്.
നഴ്സുമാരും കുറവ്
നഴ്സുമാരുടെ എണ്ണം ആരോഗ്യവകുപ്പ് കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. അൻപത് രോഗികളുടെ വാർഡിൽ പോലും പലയിടത്തും രണ്ടോ മൂന്നോ നഴ്സുമാരെ ഉണ്ടാകാറുള്ളു . പരിചരണവും മരുന്ന് കൊടുപ്പും വിവരങ്ങൾ എഴുതലുമെല്ലാമായി ജോലിഭാരം മൂലം വീർപ്പുമുട്ടുകയാണെന്ന് നഴ്സുമാരും പറയുന്നു.
നഴ്സ് -രോഗി അനുപാതം
ജനറൽ വാർഡ് 1:6
സ്പെഷ്യൽ വാർഡ് 1:4
ഐ.സി.യു 1:1
നവജാത ശിശുക്കൾ 1:2
മേജർ ഓപ്പറേഷൻ തീയറ്റർ 2:1
മൈനർ ഓപ്പറേഷൻ തീയറ്റർ 1:1