കാസർകോട്ടുകാരി നഗ്മ മുഹമ്മദ് മാലിക് ജപ്പാനിൽ ഇന്ത്യൻ അംബാസിഡർ നിയമനം പോളണ്ടിൽ ഇന്ത്യൻ അംബാസിഡറായിരിക്കെ
കാസർകോട്: തളങ്കര സ്വദേശിനി നഗ്മ മുഹമ്മദ് മാലിക്കിനെ ജപ്പാനിലെ പുതിയ ഇന്ത്യൻ അംബാസിഡർ ആയി നിയമിച്ച് വിദേശകാര്യമന്ത്രാലയം ഉത്തരവായി. 1991 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ ഇവർ 2021 ആഗസ്റ്റ് മുതൽ പോളണ്ടിലെ ഇന്ത്യൻ അംബാസിഡർ ആയി പ്രവർത്തിച്ചു വരികയായിരുന്നു.
കാസർകോട് തളങ്കര സ്വദേശി ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളും പ്രശസ്ത എഴുത്തുകാരി സാറ അബൂബക്കറിന്റെ സഹോദര പുത്രിയുമാണ്. പിതാവ് ഡൽഹിയിൽ കേന്ദ്ര ഓവർസീസ് കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉദ്യോഗസ്ഥനായിരുന്നതിനാൽ നഗ്മയുടെ ബാല്യകാലവും പഠനവും ഡൽഹിയിൽ തന്നെയായിരുന്നു. സെന്റ് സ്റ്റീഫൻസ് കോളേജിലും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലുമായിരുന്നു പഠനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സോഷ്യോളജിയിൽ മാസ്റ്റർ ബിരുദവും നേടിയ ഇവർ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഉറുദു, മലയാളം ഭാഷകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോക്കോളായാണ് നയതന്ത്രജീവിതം തുടങ്ങിയത് .പാരീസിലെ ഇന്ത്യൻ എംബസിയിലും യുനെസ്കോ മിഷനിലും പ്രവർത്തിച്ചതിന് ശേഷം വിദേശകാര്യ മന്ത്രാലയത്തിലെ വെസ്റ്റ് യൂറോപ്പ് ഡിവിഷനിൽ ഡെസ്ക് ഓഫീസറായും സേവനം അനുഷ്ഠിച്ചു.
മുൻ പ്രധാനമന്ത്രി ഐ.കെ.ഗുജറാളിന്റെ ഓഫീസിൽ വ്യക്തി പ്രവർത്തകസംഘത്തിൽ പ്രവർത്തിച്ചതിന് പിന്നാലെയാണ് ആദ്യ വനിതാ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോക്കോൾ ആയി നിയമനം ലഭിച്ചത്. 2019 മുതൽ 2020 വരെ അവർ വിദേശകാര്യ മന്ത്രാലയത്തിൽ പോളിസി പ്ലാനിംഗ് ഡിവിഷൻ മേധാവിയായിരുന്നു.പിന്നാലെ അഡീഷണൽ സെക്രട്ടറി എന്ന നിലയിൽ കിഴക്കൻ, തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ഇന്ത്യൻ ക്‌ളാസിക്കൽ നൃത്തം, സംഗീതം, സാഹിത്യം തുടങ്ങിയവയിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട് ഈ ഉദ്യോഗസ്ഥ. ഡൽഹിയിലെ അഭിഭാഷകൻ ഫരീദ് ഇനാം മാലിക്കാണ് ഭർത്താവ്. ഒരു മകനും മകളുമുണ്ട്.
വഹിച്ച മറ്റ് ഔദ്യോഗിക ചുമതലകൾ
നേപ്പാൾ, ശ്രീലങ്ക മിഷനുകളിൽ യഥാക്രമം ഫസ്റ്റ് സെക്രട്ടറി, കൗൺസിലർ
വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സ്പോക്ക്സ് പേഴ്‌സൺ, യുറേഷ്യ ഡിവിഷൻ ഡയറക്ടർ
തായ്‌ലൻഡിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ
ടുണീഷ്യയിൽ ഇന്ത്യൻ അംബാസഡർ
ബ്രൂണൈയിൽ ഇന്ത്യൻ ഹൈകമ്മീഷണർ