കുന്തളംപാറയിൽ ഉരുൾപൊട്ടൽ, കൃഷിയിടങ്ങൾ ഒലിച്ചുപോയി

Sunday 19 October 2025 12:00 AM IST

കട്ടപ്പന: കുന്തളംപാറ വി.ടി. പടിയിൽ ഉരുൾപൊട്ടി. ഇന്നലെ പുലർച്ചെ 1.30 നാണ് ഉരുൾ പൊട്ടിയത്. പുലർച്ചെ വലിയ ശബ്ദം കേട്ടെങ്കിലും ശക്തമായ മഴ അനുഭവപ്പെട്ടിരുന്നതിനാൽ പ്രദേശവാസികൾ ഉരുൾപൊട്ടലിന്റെ ഭീകരത അറിഞ്ഞില്ല. രാവിലെയാണ് പലരുടെയും വീട്ടു പരിസരത്ത് മണ്ണും ചെളിയും അടിഞ്ഞും വാഹനങ്ങൾ മണ്ണിൽ പുതഞ്ഞും കിടക്കുന്നത് കണ്ടത്. ഉരുൾപൊട്ടലിൽ പ്രദേശവാസികളുടെ കൃഷിയിടങ്ങളും റോഡും ഒലിച്ചുപോയി. കുന്തളംപാറ മലയുടെ മുകളിൽ നിന്ന് വൻ മരങ്ങൾ ഉൾപ്പെടെയുള്ളവ ഉരുൾപൊട്ടലിൽ ഒഴുകിയെത്തി. 2019ലെ പ്രളയ സമയത്ത് ഇവിടെ ഉരുൾപൊട്ടിയിരുന്നു. അന്ന് ഉരുൾ ഒഴുകിയ അതേ പ്രദേശത്തുകൂടിയാണ് ഇപ്പോഴും ഉരുൾ പൊട്ടിയിരിക്കുന്നത്. ഏലം, കുരുമുളക് തുടങ്ങിയ കൃഷികളാണ് ഒലിച്ചുപോയത്. ആളപായമോ അപകടങ്ങളോ ഇല്ല. അപ്രതീക്ഷിതമായി പെയ്ത അതിതീവ്ര മഴയിൽ പ്രതീക്ഷകൾ തകർന്ന് കർഷകർ. പുഴകളും തോടും കരകവിഞ്ഞ് കൃഷിയിടങ്ങളിലൂടെ ഒഴുകി. ഉരുൾപൊട്ടലിലും ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. കട്ടപ്പന സ്വദേശി എഴുത്തുപുരയിൽ ജോർജ്ജ്കുട്ടിയുടെ രണ്ട് വർഷം പ്രായമായ വിളവെടുപ്പിന് പാകമായി ചെടികളാണ് നശിച്ചത്. കട്ടപ്പന അമ്പലക്കവലയിൽ ഉരുൾപൊട്ടലിൽ ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. അമ്പലപ്പാറ കുറുംകുടിയിൽ ഷാജിയുടെ വീടിന്റെ വർക്കേരിയ പൂർണമായും നശിച്ചു. അമ്പതോളം ഏലച്ചെടികളും ഇല്ലാതായി. വട്ടുക്കുന്നേൽപടി പുത്തൻപുരക്കൽ ജോയിയുടെ വീടിന്റെ പിൻവശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. ശാന്തിപ്പടി കൂവേലിൽ തങ്കച്ചന്റെ വീടിന് പിൻവശത്തുള്ള കോൺക്രീറ്റ് വാൾ ഇടിഞ്ഞുവീണ് അടുക്കളയും ശുചിമുറിയും പൂർണമായി തകർന്നു.