ബാങ്ക് അക്കൗണ്ടിൽ നിന്ന് 98000 രൂപ കവർന്ന് സൈബർ സംഘം
കാട്ടാക്കട : യൂത്ത് കോൺഗ്രസ് നേതാവ് കാട്ടാക്കട അജീഷ് ഭവനിൽ എസ്.ടി.അനീഷിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 98000 രൂപ സൈബർ തട്ടിപ്പ് സംഘം കവർന്നതായി പരാതി. ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിലെ അക്കൗണ്ടിലെ പണമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 5 മിനിറ്റിനുള്ളിൽ അഞ്ച് തവണയായിട്ടാണ് അക്കൗണ്ടിൽ നിന്ന് രൂപ തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ട അനീഷ് സൈബർ പൊലീസിലും,ഫെഡറൽ ബാങ്ക് ശാഖയിലും പരാതി നൽകി.ഇക്കഴിഞ്ഞ
വെള്ളിയാഴ്ച രാത്രി 8 മണിയോടെ അനീഷിന്റെ അക്കൗണ്ടിലേക്ക് സുഹൃത്ത്
ഒരു ലക്ഷം രൂപ അയച്ചിരുന്നു. ഇന്നലെ പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടത് അനീഷ് അറിയുന്നത്.ഇടപാടുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളോ കോളുകളോ ഒന്നും അനീഷിന്റെ ഫോണിലേക്ക് വന്നിരുന്നില്ല. എന്നാൽ ഓൺ ലൈനിലൂടെ
ടീ ഷർട്ട് വാങ്ങാൻ വേണ്ടി ഓർഡർ നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഇതുമായി ബന്ധപ്പെട്ട് ഫോൺ വന്നിരുന്നു.വിലാസം പരിഷ്കരിക്കണമെന്നായിരുന്നു നിർദ്ദേശിച്ചത്.അതനുസരിച്ച്
വിവരങ്ങൾ ഫോണിലൂടെ നൽകിയിരുന്നു.ഉടനെ 5 രൂപ നൽകണമെന്ന് അറിയിക്കുകയും അത് നൽകുകയും ചെയ്തതായി അനീഷ് പറഞ്ഞു. ഫോണിലേക്ക് എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്തതുകൊണ്ട് മിറർ ഇമേജ് വഴി ഫോൺ ഹാക്ക് ചെയ്താകാം പണം തട്ടിയെടുത്തതെന്ന് കരുതുന്നതായി ഫെഡറൽ ബാങ്ക് മാനേജർ പറഞ്ഞു.