കൂട്ടാറിൽ നിർത്തിയിട്ട ട്രാവലർ ഒഴുക്കിൽപ്പെട്ടു
നെടുങ്കണ്ടം: കൂട്ടാറിൽ നിറുത്തിയിട്ടിരുന്ന ട്രാവലർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. ഇന്നലെ പുലർച്ചെ കൂട്ടാർ പുഴയും റോഡും നിറഞ്ഞു കവിഞ്ഞതിനെ തുടർന്നാണ് വാഹനം ഒഴുക്കിൽപെട്ടത്. രണ്ട് ദിവസത്തെ ഓട്ടത്തിനു ശേഷം സാധാരണ നിറുത്തിയിടാറുള്ള കൂട്ടാർ എസ്.ബി.ഐ ബാങ്കിന് മുന്നിലായിരുന്നു വാഹനം ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് ഡ്രൈവർ സന്തോഷ് വീട്ടിൽ പോയത്. പുലർച്ചെ മൂന്നോടെ സുഹൃത്തുക്കൾ വിളിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് കൂട്ടാർ ടൗണിലെത്തിയപ്പോൾ വാഹനത്തിൽ പകുതിയിലധികം വെള്ളമായി. അടുത്തേക്ക് പോകാൻ കഴിയാത്ത വിധം വെള്ളമായിരുന്നു. സമീപത്ത് നിന്ന് കയർ സംഘടിപ്പിച്ച് ബാങ്കിന് സമീപത്തെ മാവിൽ കെട്ടി നിറുത്തിയെങ്കിലും ആറോടെ കുത്തി ഒഴുകിയ മഴവെള്ള പാച്ചിലിൽ കയർപൊട്ടി ട്രാവലർ ഒഴുക്കിലകപ്പെട്ടിരുന്നു. 17 ലക്ഷം രൂപയുടെ വാഹനമാണിത്. തേർഡ്ക്യാമ്പ് ഏലംതറയിൽ റെജിയുടെ ഉടമസ്ഥതയിലുള്ള വിനായക് എന്ന ട്രാവലർ വാഹനമാണിത്. ആളുകൾ നോക്കി നിൽക്കെയാണ് വാഹനം ഒഴുക്കിൽപ്പെട്ടത്. കൂട്ടാർ പുതിയ പാലത്തിന് സമീപത്തായി തകർന്ന് തരിപ്പണമായി വാഹനം കരയ്ക്കടിഞ്ഞിട്ടുണ്ട്.