രോഗങ്ങൾ തടയാം പ്രതിരോധിക്കാം പുതിയ 'ശൈലി' സ്വീകരിക്കാം

Sunday 19 October 2025 1:54 AM IST

ജീവിതശൈലീ രോഗങ്ങളെന്നത് തെറ്റായ ഭക്ഷണക്രമം, വ്യായാമക്കുറവ്, ഉറക്കക്കുറവ്, പുകവലി, അമിതമായ മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ജീവിതരീതികളിൽ നിന്നുമാണ് പലപ്പോഴും ഉണ്ടാകുന്നത്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, അമിതവണ്ണം, ചിലതരം ക്യാൻസറുകൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഈ രോഗങ്ങളിൽ പലതും തടയാൻ സാധിക്കും. പലപ്പോഴും രോഗം ഗുരുതരമാകുമ്പോൾ മാത്രമാണ് ആളുകൾ ചികിത്സ തേടിയെത്തുന്നത്. എന്നാൽ ഇത്തരം രോഗങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ നേരത്തെ ലഭ്യമാക്കിയാൽ ഗുരുതരാവസ്ഥയിൽ എത്തുന്നത് തടഞ്ഞ് ഭേദമാക്കാം എന്നതാണ് യാഥാർത്ഥ്യം. ഇത് ലക്ഷ്യമിട്ടാണ് ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനായി ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗ നിർണയത്തിന് 'ശൈലീ' എന്ന മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സജ്ജമാക്കിയത്.

ഒരു മാസത്തിനിടെ

58,093 പേരെ കണ്ടെത്തി ശൈലീ ആപ്പ് രണ്ടാംഘട്ട സർവേയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ രോഗസാദ്ധ്യത കണ്ടെത്തിയത് 58,093 പേർക്കാണ്. പരിശോധനയ്ക്ക് വിധേയരായവരുടെ എണ്ണം 1.58 ലക്ഷമാണ്. ക്യാൻസർ സാദ്ധ്യത കണ്ടെത്തിയത് 2,244 പേർക്കാണ്. സ്തനാർബുദ, ഗർഭാശയ ക്യാൻസർ സാദ്ധ്യതയുടെ ലക്ഷണങ്ങൾ പ്രകടമായത് യഥാക്രമം 1326, 647 പേർക്കാണ്. ക്ഷയരോഗ സാദ്ധ്യത കണ്ടെത്തിയ 1,618ൽ 3,101 പേർക്ക് ശ്വാസകോശ പരിശോധന നിർദ്ദേശിച്ചിട്ടുണ്ട്. കുഷ്ഠരോഗ പരിശോധന 1,991 പേർക്ക് നിർദ്ദേശിച്ചു.

കാഴ്ച, കേൾവി പരിശോധനകൾ യഥാക്രമം 32,608, 3633 പേർക്കാണ് നിർദ്ദേശിച്ചത്. മാനസികാരോഗ്യ പരിശോധന 1,269 പേർക്കും നിർദ്ദേശിച്ചിട്ടുണ്ട്. 16,973 പേർക്ക് ഉയർന്ന രക്ത സമ്മർദ്ദവും12,718 പേർക്ക് പ്രമേഹവും സ്ഥിരീകരിച്ചു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും 7,263 പേർക്ക് സ്ഥിരീകരിക്കുകയുണ്ടായി. പരിശോധനയ്ക്ക് വിധേയരായവരിൽ 48,839 പേർ 60ന് മുകളിൽ പ്രായമുള്ളവരാണ്. 1,173 പേർ കിടപ്പിലായവരും 2,133 പേർ വീടിന് പുറത്തിറങ്ങാൻ സാധിക്കാത്തവരുമാണ്.

ഏറ്റവും കൂടുതൽ രോഗസാദ്ധ്യത കണ്ടെത്തിയത് എറണാകുളം ജില്ലയിലാണ്, 14,591 പേർ. ഇവിടെ പരിശോധനയ്ക്ക് വിധേയരായത് 44,629 പേരാണ്. ഏറ്റവും കൂടുതൽ പേർ പരിശോധനയ്ക്ക് വിധേയരായ ജില്ലയും എറണാകുളമാണ്. കുറവ് രോഗ്യസാദ്ധ്യത കണ്ടെത്തിയത് വയനാട് ജില്ലയിലാണ്, 179 പേർ. ഇവിടെ പരിശോധനയ്ക്ക് വിധേയരായവർ 588 പേർ മാത്രമാണ്.

തിരുവനന്തപുരം-5610, കൊല്ലം-2649, പത്തനംതിട്ട-508, ആലപ്പുഴ-4889, കോട്ടയം-6966, ഇടുക്കി-1133, തൃശൂർ-1880, പാലക്കാട്-1172, മലപ്പുറം-8464, കോഴിക്കോട്-5206, കണ്ണൂർ-3376, കാസർഗോഡ്-1470 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ രോഗസാദ്ധ്യകൾ കണ്ടെത്തിയവരുടെ എണ്ണം.

ശൈലീ ആപ്പ് പദ്ധതിയിലൂടെ 30 വയസിന് മുകളിലുള്ളവരുടെയും ജീവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ചുമുള്ള വിവരശേഖരണം നടത്തുന്നതിന് ആശാ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പ് നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയായ പോപ്പുലേഷൻ ബേസ്ഡ് സ്‌ക്രീനിംഗ് അഥവാ വാർഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ശൈലീ ആപ്പ് സജ്ജമാക്കിയിരിക്കുന്നത്.

സാമ്പിൾ ശേഖരണം

ആശാപ്രവർത്തകരിലൂടെ

ആശാവർക്കർമാർ വീടുകളിലെത്തി ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശൈലീ ആപ്പ് മുഖേന ശേഖരിക്കും. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി ശേഖരിക്കുന്നത്. കൂടാതെ ക്യാൻസർ, ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ആരോഗ്യ നിലവാരം സൂചിപ്പിച്ച് വ്യക്തിഗത സ്‌കോറും നൽകും. സർവേയിൽ ഹൈറിസ്‌ക് കാറ്റഗറിയിൽപ്പെടുന്നവരെ ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ വെച്ച് സ്‌ക്രീൻ ചെയ്യും. പ്രഷർ, ഷുഗർ എന്നിവയാണ് ഇവിടെ വെച്ച് സ്‌ക്രീൻ ചെയ്യുന്നത്. ക്യാൻസർ, ക്ഷയം, കുഷ്ഠം തുടങ്ങിയവയുടെ സ്‌ക്രീനിംഗ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് നടത്തുന്നത്. സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയ ക്യാൻസർ കണ്ടെത്തുവാനുള്ള പാപ്സ്മിയർ പരിശോധന കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് തന്നെ ചെയ്യും.

ആരംഭ ഘട്ടത്തിലെ രോഗം തിരിച്ചറിഞ്ഞാൽ ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കുമെന്നും എന്നാൽ പലരും രോഗം ഗുരുതരമാവുമ്പോൾ മാത്രമാണ് ചികിത്സ തേടിയെത്തുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. അതിനൊരു മാറ്റം ശൈലീ ആപ്പ് വഴി സാദ്ധ്യമാകുമെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു. ആശാ പ്രവർത്തകർ വിവരശേഖരണം നടത്തി കഴിയുമ്പോൾ തന്നെ ആ പ്രദേശത്തെ ആരോഗ്യ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാകും. ഓരോ പഞ്ചായത്തിലെയും ആരോഗ്യ വിവരങ്ങൾ അവിടുത്തെ മെഡിക്കൽ ഓഫീസർക്ക് ലഭിക്കുന്നതോടൊപ്പം ജില്ലാതല വിവരങ്ങൾ ജില്ലാ നോഡൽ ഓഫീസർക്കും സംസ്ഥാനതല വിവരങ്ങൾ സംസ്ഥാന നോഡൽ ഓഫീസർക്കും അവരുടെ ഡാഷ് ബോർഡിൽ കാണാൻ സാധിക്കും. ഇതിലൂടെ പ്രദേശികമായിട്ടും സംസ്ഥാനതലത്തിലുമുള്ള ജിവിതശൈലീ രോഗങ്ങളുടെ യഥാർത്ഥ കണക്ക് ലഭിക്കും. ഇത് ജീവിതശൈലീ രോഗ നിയന്ത്രണത്തിനും ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ഏറെ സഹായകരമാണ്.

രോഗത്തിന്റെ ആരംഭ ഘട്ടത്തിലേയുള്ള ചികിത്സയാണ് പ്രധാനം. രോഗത്തെ നേരത്തെ തിരിച്ചറിയുകയും ചികിത്സയിലൂടെ മറികടക്കാനുള്ള അവബോധം എല്ലാവരിലും ഉണ്ടാകേണ്ടതും അനിവാര്യമാണ്.