ജനറൽ ആശുപത്രി ജംഗ്ഷൻ വികസനം; സാമ്പത്തികത്തിൽ കുരുങ്ങി
ആലപ്പുഴ: ജനറൽ ആശുപത്രി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് അഴിച്ച് അപകട വിമുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള വികസന പദ്ധതി സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങി. കിഫ്.ബിയുടെ സഹായത്തോടെ പ്രഖ്യാപിച്ച ജംഗ്ഷൻ വികസന പദ്ധതിയിൽ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി 138 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്രയും പണം ഉടൻ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പദ്ധതി തത്കാലം പരിഗണിക്കേണ്ടെന്ന തീരുമാനത്തിലാണ് കിഫ് ബി.
ഗവ.ടി.ഡി ജെ.ബി എൽ.പി സ്‌കൂൾ മുതൽ വടക്ക് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ജംഗ്ഷന് വടക്കുഭാഗം വരെയുള്ള റോഡിന്റെ വശങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനുമാണ് ഇത്രയും പണം വേണ്ടിവരുന്നത്. വിരലിലെണ്ണാവുന്ന വീടുകൾ മാത്രമുള്ള ഇവിടെ വ്യാപാര സ്ഥാപനങ്ങളാണ് കൂടുതൽ.
റോഡിന് പടിഞ്ഞാറുവശത്തെ സ്ഥാപനങ്ങളാണ് ഇവയിൽ അധികവും. സ്കൂളുകൾ, എക്സൈസ് ഓഫീസ്, ജനറൽ ആശുപത്രി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലെ റോഡ് ഡിവൈഡർ സംവിധാനങ്ങളോടെ നാലുവരിയായി നവീകരിക്കാനായിരുന്നു പദ്ധതി.1.26ഏക്കർ സ്ഥലം വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വിശദ പദ്ധതിരേഖ (ഡി.പി.ആർ) നിർമ്മാണ ചുമതലക്കാരായ കേരള റോഡ് വികസന ഫണ്ട് ബോർഡ്, കിഫ്ബിയുടെ ഭരണാനുമതിക്ക് സമർപ്പിച്ചെങ്കിലും സാമ്പത്തിക പരാധീനത കാരണം തത്കാലം പരിഗണിക്കെണ്ടതില്ലെന്ന നിലപാടിലാണ് അവർ.
പരിഗണിക്കാതെ കിഫ് ബി
1.നിലവിലെ റോഡിന്റെ ഇരുവശവും ആറേകാൽ മീറ്റർ വീതം സ്ഥലം പുതുതായി ഏറ്റെടുക്കാനും റോഡിന്റെ മദ്ധ്യത്തിൽ ഡിവൈഡർ സ്ഥാപിക്കാനുമായിരുന്നു പദ്ധതി
2.ഡിവൈഡറിന്റെ ഇരുവശവും 7മീറ്റർ വീതിയിൽ റോഡ്. റോഡിന്റെ ഇരുവശവും 1.80മീറ്റർ വീതിയിൽ കാനയുൾപ്പെടെ നടപ്പാതയും പദ്ധതിയിലുണ്ട്
3.എറണാകുളം, തിരുവനന്തപുരം, കളക്ടറേറ്റ്, ചന്ദനക്കാവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് ബസ് ബേയും പാർക്കിംഗും പരിഗണനയിലുണ്ട്
4. ടി.ഡി സ്‌കൂൾ, ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകളുടെ പുനക്രമീകരണവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്
പദ്ധതിച്ചെലവ് : 138കോടി
ഏറ്റെടുക്കേണ്ടത് : 1.26ഏക്കർ
റോഡിന്റെ വീതി: 14മീറ്റർ
നടപ്പാത: 1.80മീറ്റർ വീതം
കെ.ആർ.എഫ്.ബി സമർപ്പിച്ച പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയെങ്കിലും നടപ്പാക്കാനുള്ള നിർദേശം ലഭിച്ചിട്ടില്ല
- കിഫ് ബി ഓഫീസ് , ആലപ്പുഴ.