വീണ്ടും... കിരീടത്തിൽ മുത്തം, ഈസ്റ്റ് ദി ബെസ്റ്റ്
തൃശൂർ: രണ്ടാം ദിനത്തിൽ ചാലക്കുടി കെട്ടിയ തടയണ മൂന്നാം ദിനത്തിലെ അവസാന ലാപ്പിൽ തകർത്ത് ഈസ്റ്റ് ഉപജില്ല റവന്യു ജില്ലാ കായിക കിരീടത്തിൽ ഒരിക്കൽ കൂടി മുത്തമിട്ടു. 23 സ്വർണവും 14 വെള്ളിയും 10 വെങ്കലമുൾപ്പെടെ 183 പോയിന്റ് നേടിയാണ് ഈസ്റ്റ് മേധവിത്വം ഉറപ്പിച്ചത്. റണ്ണറപ്പായ ചാലക്കുടിക്ക് 15 സ്വർണവും 19 വെള്ളിയും 11 വെങ്കലുമായി 173.5 പോയിന്റാണ്. 9 സ്വർണവം 13 വെള്ളിയും 16 വെങ്കലുമായി ചാവക്കാട് ഉപജില്ലയാണ് മൂന്നാമത്. മാള (95), കുന്നംകുളം (90), വലപ്പാട് (71), കൊടുങ്ങല്ലൂർ (42), വടക്കാഞ്ചേരി (29), തൃശൂർ വെസ്റ്റ് (26), മുല്ലശേരി (14), ഇരിങ്ങാലക്കുട (6) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്റ് നില.
കഴിഞ്ഞ വർഷവും ഈസ്റ്റ് ഉപജില്ലയ്ക്കായിരുന്നു കിരിടം. കാൽഡിയൻ സിറിയൻ സ്കൂളിലെ താരങ്ങളുടെ മികവിലാണ് ഈസ്റ്റ് അവസാന ദിവസം കിരീടം ഉറപ്പിച്ചത്. മൂന്നു ദിവസത്തെ കായിക മേളയിൽ 3500ഓളം താരങ്ങളാണ് പങ്കെടുത്തത്. വിജയികൾക്ക് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
മിന്നും പ്രകടനവുമായി ശ്രീകൃഷ്ണ
തൃശൂർ: സ്കൂൾ വിഭാഗത്തിൽ തൃശൂർ ഈസ്റ്റിന്റെ മേധാവിത്വം തകർത്ത് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ 68 പോയിന്റുകളോടെ ജേതാക്കളായി. ആറു സ്വർണവും 10 വെള്ളിയും എട്ട് വെങ്കലവുമായിട്ടാണ് ശ്രീകൃഷ്ണ മിന്നുംപ്രകടനം കാഴ്ച്ചവച്ചത്. കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ മാള ഉപജില്ലയിലെ ആർ.എം ഹയർ സെക്കഡറി സ്കൂൾ 63 പോയന്റ് നേടി രണ്ടാം സ്ഥാനം നിലനിറുത്തി. അതേസമയം, കഴിഞ്ഞ വർഷത്തെ ജേതാക്കളായ കാൽഡിയൻ സിറിയൻ സ്കൂളിന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എട്ട് സ്വർണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമാണ് കാൽഡിയന് ലഭിച്ചത്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 67 പോയിന്റുകൾ ചാലക്കുടി ഉപജില്ല നേടി. 29 പോയിന്റ് ചാവക്കാടിനും 14 പോയിന്റ് കുന്നംകുളത്തിനും 11 പോയിന്റ് തൃശൂർ ഈസ്റ്റിനും ലഭിച്ചു. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 46 പോയിന്റുകൾ ചാവക്കാട് ഉപജില്ല നേടി. 29 പോയിന്റ് വലപ്പാടും, 28 പോയിന്റ് തൃശൂർ ഈസ്റ്റും, 18 പോയിന്റ് മാളയും 15 വീതം പോയിന്റുകൾ ചാലക്കുടിയും തൃശൂർ വെസ്റ്റും നേടി. 14 പോയിന്റ് കുന്നംകുളവും 12 പോയിന്റ് കൊടുങ്ങല്ലൂരും നേടി.
ഈ നാൽവർ സംഘത്തിൽ കുന്നോളം പ്രതീക്ഷ...
തൃശൂർ: അനന്തപുരിയിൽ സംസ്ഥാന കായികമേളയ്ക്ക് ഈ ആഴ്ച്ച തുടക്കമാകുമ്പോൾ തൃശൂരിന് ഈ നാൽവർ സംഘത്തിൽ കുന്നോളം പ്രതീക്ഷയാണ്. ഇന്നലെ സമാപിച്ച റവന്യൂ ജില്ലാ കായികമേളയിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം സ്വർണത്തോടെ ട്രിപ്പിൾ നേട്ടം കൈവരിച്ച അശ്വതി (നാട്ടിക ഗവ. ഫീഷറീസ് ഹയർ സെക്കഡറി സ്കൂൾ), അന്ന മരിയ, ഇ.ജെ.സോണിയ (ഇരുവരും ആളൂർ ഇ.എം.എച്ച്.എസ്), കാർത്തിക (ഗവ. മോഡൽ ഹയർ സെക്കഡറി സ്കൂൾ, തൃശൂർ) എന്നിവരിൽ ഏറെ പ്രതീക്ഷയാണ് അർപ്പിച്ചത്. ട്രിപ്പിൾ സ്വർണംനേടിയ സെന്റ് പോൾസ് കുരിയച്ചിറയിലെ സി.എം.റയാൻ, തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിലെ അഭിനന്ദന രാജേഷ് എന്നിവരും ജില്ലയുടെ പ്രതീക്ഷയാണ്. ജുനിയർ വിഭാഗത്തിൽ അശ്വതി ട്രിപ്പിൾ ജംപിലും ലോംഗ് ജംപിലും 100 മീറ്റർ ഹഡിൽസിലും മികച്ച പ്രകടനം കാഴ്ച്ചവച്ചാണ് തിരുവനന്തപുരത്തേക്ക് യാത്രയാകുന്നത്. ഇതേ വിഭാഗത്തിൽ അന്ന മരിയയാകട്ടെ 100, 200, 400 മീറ്ററുകളിൽ സ്വർണം നേടിയിരുന്നു. സിനീയർ വിഭാഗത്തിൽ ജില്ലയുടെ പ്രതീക്ഷകളാണ് ഇ.ജെ.സോണിയയും കാർത്തികയും. സോണിയ 100, 200 ഹൈജംപ് ഇനങ്ങളിൽ സ്വർണം നേടിയപ്പോൾ കാർത്തിക 800, 1500, 3000 മീറ്ററുകളിൽ സ്വർണനേട്ടം കൈവരിച്ചാണ് സംസ്ഥാന കായിക മേളയിലേക്ക് പുറപ്പെടുന്നത്. കാർത്തിക 4*400 മീറ്റർ റിലേയിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു. നാലുപേരും കഴിഞ്ഞ സംസ്ഥാന കായികമേളയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു.