ആസ്ട്രേലിയയിൽ നിന്ന് ആവേശവുമായി

Saturday 18 October 2025 11:32 PM IST

മുഹമ്മ : കായികതാരങ്ങൾക്ക് ആവേശവുമായി സുധി സാർ ആസ്ട്രേലിയയിൽ നിന്നെത്തി. ആലപ്പുഴ എസ് ഡി വി സ്കൂളിലെ കായികാദ്ധ്യാപകനായ മുതുകുളം സിന്ധു നിവാസിലെ സുധിയാണ് ജോലിയിൽ നിന്ന് ലീവെടുത്ത് കടുംബവുമൊത്ത് ആസ്ട്രേലിയയിൽ കഴിയുന്നതിനിടെ കായികമേളയിൽ തന്റെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവേശം പകരാനെത്തിയത്. 2006 മുതലാണ് സുധി കുടുംബവുമൊത്ത് ആസ്ട്രേലിയയിൽ താമസമാക്കിയത്. ഇടയ്ക്കെത്തി ലീവ് പുതുക്കിപ്പോകും. നാട്ടിലെത്തുമ്പോഴെല്ലാം വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനുമെത്തും. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് ഇത്തവണ മേളയ്ക്കെത്തിയത്.

ഇന്നലെ മേളയിലെ മത്സരങ്ങൾ എല്ലാം അവസാനിച്ചപ്പോൾ പഴയ ശിഷ്യരുൾപ്പെടെ സുധിയെ എടുത്തുയർത്തി ആരവം മുഴക്കി.

ഡെക്കാത്തോണിലെ ഇന്ത്യൻ താരം തൗഫീഖ്, ജാവലിൻ ത്രോ കേരള താരം സഫീർ, ദീർഘദൂര ഓട്ടക്കാരൻ വിവേക് തുടങ്ങി നിരവധി പ്രതിഭകൾ സുധിയുടെ ശിഷ്യരായുണ്ട്. തന്റെ അദ്ധ്യാപന ജീവിതത്തിനിടയിൽ 1000ത്തിനു മേൽ കായിക താരങ്ങൾക്ക് പരിശീലനം നൽകാൻ കഴിഞ്ഞത് മഹാ ഭാഗ്യമായാണ് കരുതുന്നതെന്ന് സുധി പറഞ്ഞു. .

.