പിഴവ് ഒഴിയാതെ അവസാനദിനം

Saturday 18 October 2025 11:35 PM IST

മുഹമ്മ: ജില്ലാ സ്കൂൾ കായികമേളയുടെ അവസാന ദിനത്തിൽ സംഘാടനത്തിൽ ഗുരുതര പിഴവുണ്ടായി. താരങ്ങൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിട്ട് പോലും മെഡിക്കൽ സൗകര്യം ഒരുക്കാതെ സംഘാടകർ കാഴ്ത്തക്കാരായി നിന്നു. ചേർത്തല എസ്.എൻ കോളജ് ഗ്രൗണ്ടിൽ ഹൈജമ്പ് മത്സരങ്ങളും മുഹമ്മ കെ.ഇ കാർമൽ സ്കൂൾ ഗ്രൗണ്ടിൽ ഡിസ്കസ്, ജാവലിൻ ത്രോ മത്സരങ്ങളുമാണ് ഇന്നലെ നടന്നത്. രണ്ടിടത്തും ആരോഗ്യപ്രവർത്തകരോ ആംബുലൻസ് സംവിധാനമോ ഒരുക്കിയിരുന്നില്ല.

ഹൈജമ്പ് മത്സരത്തിൽ വലുപ്പം കുറഞ്ഞ ജമ്പിംഗ് ബെഡ് ഉപയോഗിച്ചതു മൂലം പല താരങ്ങളും ബെഡിനു പുറത്തു നിലത്തേക്കു വീണു. ബുധനൂർ ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി കെ.എസ്.വൈഷ്ണവ്, കലവൂർ ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി നിജു ജോസഫ് ആന്റണി എന്നിവർ കഴുത്തും തലയും നിലത്തിടിച്ചാണ് വീണത്. ഇരുവർക്കും മുറിവുകളുണ്ടായിട്ടും വൈദ്യസഹായം നൽകാൻ സംഘാടകർ തയാറായില്ല. മറ്റു താരങ്ങൾക്കും നിലത്തു വീണു പരിക്കേറ്റിരുന്നു. മൂന്നു ഭാഗങ്ങളുള്ള ജമ്പിംഗ് ബെഡിലെ രണ്ടു ഭാഗങ്ങൾ മാത്രമാണ് ഉപയോഗിച്ചത്. അതിനാലാണു ബെഡിനു നീളം കുറഞ്ഞു താരങ്ങൾ നിലത്തു വീണത്. ഹൈജമ്പിൽ ആദ്യ ദിവസം നടത്തിയ മത്സരത്തിൽ തന്നെ വിദ്യാർഥികൾ നിലത്തു വീണിരുന്നു. എന്നിട്ടും സുരക്ഷയൊരുക്കാതെ മത്സരങ്ങൾ നടത്തിയെന്നു പരാതിയുണ്ട്. കൂടുതൽ പേർ നിലത്തേക്കു വീണതോടെ ഓരോരുത്തരുടെയും ചാട്ടത്തിന് അനുസരിച്ചു ബെഡ് നീക്കിയിട്ടാണു മത്സരം നടത്തിയത്. ജൂനിയർ, സീനിയർ ആൺകുട്ടികളുടെ മത്സരം ഒന്നിച്ചാണു നടത്തിയത്. മത്സരശേഷം വിദ്യാർത്ഥികളെക്കൊണ്ട് തന്നെ ബെഡ് ചുമന്നു കെട്ടിടത്തിലേക്കു മാറ്റി. ഇന്നലെ രണ്ടു ഗ്രൗണ്ടുകളിലും പന്തൽ ഒരുക്കിയിരുന്നില്ല. ശുദ്ധജലവും ലഭ്യമാക്കിയില്ല. ജാവലിൻ മത്സരത്തിൽ മത്സരാർത്ഥികൾ സ്വയം ജാവലിൻ എടുത്തുകൊണ്ടു വന്നാണു മത്സരിച്ചത്.