വേദന മറന്ന് മത്സരിച്ച ഇമ്മാനുവലിന് സ്വർണം
ആലപ്പുഴ: കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരത്തിനിടെ നടുവിന് പരിക്കേറ്റ ഇമ്മാനുവൽ വേദന പൂർണമായും മാറാതെയാണ് ഇത്തവണ ജില്ല സ്കൂൾ കായികമേളയ്ക്ക് എത്തിയത്. പരിക്കിന് മുന്നിൽ തോറ്റുകൊടുക്കാതെ മത്സരിച്ച് സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ സ്വർണവും നേടി. തുടർച്ചയായ രണ്ടാം തവണയാണ് ഇമ്മാനുവൽ ജില്ല കായികമേളയിൽ സ്വർണം നേടുന്നത്. കഴിഞ്ഞതവണ ജൂനിയർ വിഭാഗത്തിലായിരുന്നു സ്വർണ നേട്ടം. ഇത്തവണ 47.98 മീറ്റർ ദൂരം കണ്ടെത്തിയ ഇമ്മാനുവൽ സംസ്ഥാന കായികമേളയിൽ നേട്ടം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ജൂനിയർ വിഭാഗത്തിൽ മത്സരിച്ചത് കൃത്യമായ പരിശീലനം ലഭിക്കാതെയാണ്. കടപ്പുറത്ത് ജാവലിന് പകരം വടിയെറിഞ്ഞായിരുന്നു പരിശീലനം. സീനിയർ വിഭാഗത്തിലായതോടെയാണ് പ്രൊഫഷണൽ പരിശീലനം തുടങ്ങിയത്. സ്കൂളിലെ കായികാദ്ധ്യാപകൻ റോഷലാണ് പരിശീലകൻ. ആലപ്പുഴയിലെ കായിക അക്കാഡമിയിലും പരിശീലനത്തിന് പോകുന്നുണ്ട്. അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഇമ്മാനുവൽ മത്സ്യത്തൊഴിലാളിയായ ഓമനപ്പുഴ പനയ്ക്കൽപുരക്കൽ സ്റ്റാലിന്റേയും മേരിയുടേയും മകനാണ്.