ദുരിതം വിതച്ച് ചെറിയകൊല്ലയിലെ വെള്ളക്കെട്ട്

Sunday 19 October 2025 4:39 AM IST

കുന്നത്തുകാൽ: പാറശാല കുടപ്പനമൂട് ചെറിയകൊല്ല ജംഗ്ഷനിലെ വെള്ളക്കെട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്നു. മലയോര ഹൈവേയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് രണ്ടുവർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് പണി. മഴക്കാലത്ത് റോഡ് നാശമായതു മാത്രമല്ല ഇതോടെ യാത്രികർക്ക് ദുരിതം വിതയ്ക്കുന്ന വെള്ളക്കെട്ടും പതിവു കാഴ്ചയായി. മഴ ശക്തമായാൽ മുട്ടോളം ഉയരുന്ന വെള്ളക്കെട്ടിലൂടെ വാഹനംകൊണ്ട് നീന്തിക്കേറേണ്ട അവസ്ഥയാണ്. റോഡുപണിക്കിടെ ഇവിടെനിന്നും പ‌‌ടിഞ്ഞാറോട്ടുണ്ടായിരുന്ന ഓട കെട്ടിയടച്ചതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. കഴിഞ്ഞ മഴക്കാലത്ത് നാട്ടുകാരുടെയും യാത്രികരുടെയും പ്രതിഷേധങ്ങൾ ശക്തമായപ്പോൾ ജനറേറ്റർ ഉപയോഗിച്ച് വെള്ളം നീക്കം ചെയ്തെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്ന് പഴയ ഓടയുടെ ഒരു വശത്ത് ചെറിയ ചാലുണ്ടാക്കി വെള്ളം കടത്തിവിട്ടിരുന്നു. പരിമിതമല്ലാത്ത ചാൽ മണ്ണുകയറി അടഞ്ഞതോടെ വീണ്ടും പഴയതിനെക്കാൾ കൂടുതൽ വെള്ളം കെട്ടിനിന്ന് ഗതാഗതം ദുസ്സഹമായി.

നിർമ്മാണത്തിലെ അശാസ്ത്രീയത

മലയോര ഹൈവേ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം പാറശാല -കുടപ്പനമൂട് റോഡിൽ നിരവധി വെള്ളക്കെട്ടുകൾ രൂപപ്പെടാറുണ്ടെങ്കിലും ഗുരുതരമായതാണ് ചെറിയകൊല്ല ജംഗ്ഷനിലേത്. പരിഹാരമുണ്ടാക്കാൻ സ്ഥലത്ത് കൽവെർട്ട് നിർമ്മിച്ച് പഴയ ഓട പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടേയും യാത്രികരുടേയും ആവശ്യം. രണ്ടുവർഷം മുൻപ് ടാറിംഗ് കഴിഞ്ഞ വെള്ളറട ജംഗ്ഷനിൽ തർക്കംമൂലം പണി പൂർത്തിയാക്കാത്തതും കാരണമാണ്.