വൈദ്യുതി ബോർഡ് ഉറപ്പുപാലിച്ചില്ല മഴപ്പേടിയിൽ കടുവാപാറയിലെ ജനങ്ങൾ
പാലോട്: മീൻമുട്ടി ഡാമിനുവേണ്ടി മാറ്റി പാർപ്പിച്ചവർക്ക് 18വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമിനൽകിയിട്ടില്ല. നദീതീരത്ത് ചോർന്നൊലിക്കുന്ന കുടിലുകളിൽ ജീവൻ പണയംവച്ചാണ് ഇവർ കഴിയുന്നത്. 2006ൽ വാമനപുരം ആറിനു കുറുകെ ഡാം നിർമ്മിച്ച് മീൻമുട്ടി ജലവൈദ്യുത പദ്ധതിയാരംഭിക്കുമ്പോൾ കുടിയിറക്കപ്പെട്ടവരാണ് ഈ കുടുംബങ്ങൾ. വസ്തു വിട്ടുകൊടുക്കുന്നവർക്ക് സ്ഥലവും വീടും വച്ചു നല്‍കാമെന്ന വൈദ്യുത വകുപ്പിന്റെ ഉറപ്പ് വിശ്വസിച്ചാണ് വീടുപേക്ഷിച്ച് ഡാം റിസർവോയറിനു സമീപത്ത് കൂരകൾ കെട്ടി ഇവർ താമസമാക്കിയത്.ചിലർക്ക് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് നൽകിയെങ്കിലും ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. കുടിലുകൾ പലതും മഴക്കാലത്ത് ഇടിഞ്ഞുവീണു. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൂരപൊളിച്ച് അടക്കിയ സംഭവവുമുണ്ടായി. പ്രായമായ ദേവകി അമ്മ താമസിക്കുന്നത് വൈദ്യുതി പോലും ഇല്ലാത്ത, ഇടിഞ്ഞു വീഴാവുന്ന കുടിലിലാണ്. മൺകട്ടയും ടാർപ്പോയയും കൊണ്ടുള്ള കുടിലുകളായതിനാൽ തുലാവർഷം എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആദിയിലാണിവർ. മീൻമുട്ടി ഡാമിന്റെ നിർമ്മാണ സമയത്ത് ഇരുപതിലധികം കുടുംബങ്ങളിൽ നിന്നാണ് വസ്തു ഏറ്റെടുത്തത്. ഇതിൽ പലരുടേയും പ്രതീക്ഷ കൈവിട്ടു. അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തര സഹായം വേണമെന്നാണ് ഇവരുടെ ആവശ്യം.