മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
#കൊലപാതകക്കുറ്റത്തിന് പൊലീസ് കേസെടുത്തു
വർക്കല: മർദ്ദനമേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരംവെട്ട് തൊഴിലാളിയായ കൊല്ലം കിഴക്കേ കല്ലട ചിറ്റുമല രണ്ട് തുണ്ടിൽ കിഴക്കതിൽ അമൽ(26) ആണ് മരിച്ചത്. വർക്കല കണ്ണംബ പൊയ്കയിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന സുരേഷിന്റെ വീട്ടിൽ 14ന് രാത്രി നടന്ന അടിപിടിയിൽ തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റതാണ് മരണകാരണമെന്ന് വർക്കല പൊലീസ് പറഞ്ഞു.ശൂരനാട് തൊടിയൂർ സന്തോഷ് ഭവനത്തിൽ കുഞ്ഞുമോന്റെ പരാതിയിൽ കണ്ണംബ സ്വദേശികളായ സുരേഷ്(50), രാജേഷ്(45), അജിത്ത്(26) എന്നിവരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത് . അറസ്റ്റിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
സുരേഷിന്റെ മകളുമായി സ്നേഹബന്ധത്തിലായിരുന്ന കുഞ്ഞുമോന്റെ ബന്ധുവായ യുവാവിനെ സുരേഷും ബന്ധുക്കളും ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും കുഞ്ഞുമോനെ സുരേഷ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പൊലീസ് എന്ന വ്യാജേനയായിരുന്നു ഭീഷണി.ഇതിന്റെ സത്യാവസ്ഥ ചോദിച്ചറിഞ്ഞ ശേഷം വർക്കല പൊലീസ് സ്റ്റേഷനിൽ പോകാമെന്ന തീരുമാനത്തിലാണ് കുഞ്ഞുമോനും ഭാര്യയും മറ്റ് രണ്ട് ബന്ധുക്കൾക്കൊപ്പം സുരേഷിന്റെ വീട്ടിൽ എത്തിയത്. കുഞ്ഞുമോന്റെ കൂടെ ജോലി ചെയ്തിരുന്ന അമലും ഇവർക്കൊപ്പം ഉണ്ടായിരുന്നു. കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ സുരേഷ് ഇരുമ്പ് മൺവെട്ടി ഇവർക്ക് നേരെ വീശുകയും അമലിന്റെ തലയ്ക്കും ഷോൾഡറിനും സാരമായി പരിക്കേൽക്കുകയും ചെയ്തു. വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അമൽ പരിക്ക് കാര്യമാക്കാതെ വീട്ടിലേക്ക് പോയി. അടുത്ത ദിവസം രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ അമൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വൈകിട്ടോടെ വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിൽ കഴിയവേ വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് അമൽ മരിച്ചത്. തലക്കേറ്റ ക്ഷതത്തിൽ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
ഫോട്ടോ: മരണമടഞ്ഞ അമൽ
അറസ്റ്റിലായ സുരേഷ് , രാജേഷ് , അജിത്ത്