രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
പാലാ : കിടപ്പുരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഗൃഹനാഥൻ ശാരീരിക - മാനസിക ബുദ്ധിമുട്ട് നേരിടുന്ന ഇളയ മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചു. കിടങ്ങൂർ സൗത്ത് മാന്താടി കവലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഏലക്കോടത്ത് വീട്ടിൽ രമണി (70) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സോമനെ (74) കിടങ്ങൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇളയമകൻ ശ്രീകുമാറിനെയും കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ശബ്ദംകേട്ട് മൂത്ത മകൻ സുനിത് എത്തിയതോടെ സോമൻ പിന്മാറുകയായിരുന്നു.
സുനിത് വിവരം പഞ്ചായത്ത് മെമ്പർ സനലിനെ അറിയിച്ചു. ഉടൻ പൊലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു. ഭാര്യയെ കൊലപ്പെടുത്തിയതിനും മകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. സി.ഐ. കെ.എൽ. മഹേഷ്, എസ്.ഐ. രാംദാസ് കെ.ജി. എന്നിവരുടെ നേതൃത്വത്തിൽ സോമനെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു. മേസ്തിരിപ്പണി ഉൾപ്പെടെ വിവിധ ജോലികൾ ചെയ്തുവരികയാണ് സോമൻ. ഇടുക്കി സ്വദേശിയായ ഇദ്ദേഹം രമണിയെ വിവാഹം കഴിച്ചതിന് ശേഷമാണ് കിടങ്ങൂരിൽ താമസമാക്കിയത്. സ്ട്രോക്ക് ബാധിച്ച് ഏഴുമാസമായി കിടപ്പിലായിരുന്നു രമണി. ചികിത്സാ ചെലവും, സാമ്പത്തികബുദ്ധിമുട്ടുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. മരുമകൾ : രേഖ. സംസ്കാരം നടത്തി.