വി.എസിന്റെ സ്‌മരണയ്ക്ക് നഗരത്തിൽ ഓക്‌സിജൻ പാർക്ക് ഉയരും
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ പേരിൽ തലസ്ഥാനത്ത് ഓക്‌സിജൻ പാർക്ക് ഉയരുന്നു.
മുമ്പ് തിരുവനന്തപുരം വികസന അതോറിട്ടി (ട്രിഡ) പ്രഖ്യാപിച്ച പാർക്കിനാണ് വി.എസിന്റെ പേര് നൽകുന്നത്.
പാളയം കണ്ണിമേറ മാർക്കറ്റിന് സമീപത്ത് മുതിർന്നവർക്കും കുട്ടികൾക്കും ശുദ്ധവായു ശ്വസിച്ച് സമയം ചെലവഴിക്കാവുന്ന തരത്തിൽ നഗര ഉദ്യാനം പണിയുന്നത്. പാളയം മുതൽ പഞ്ചാപ്പുര ജംഗ്ഷൻ വരെ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ മാർക്കറ്റിന് മുന്നിലെ പാർക്കിംഗ് സ്ഥലവും ബേക്കറി ജംഗ്ഷൻ മേൽപ്പാലത്തിലേക്കുള്ള സ്ട്രിപ്പും ഉൾപ്പെടും. നിർമ്മാണോദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് പാളയത്ത് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കുമെന്ന് ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വി.എസിന്റെ പൂർണകായ പ്രതിമകൂടി ഇവിടെ നിർമ്മിക്കും. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.
2022ലാണ് പാർക്ക് നിർമ്മിക്കാൻ ട്രിഡ തീരുമാനിച്ചത്. എന്നാൽ പാളയം അണ്ടർപാസേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കപ്പെട്ട കച്ചവടക്കാർക്ക് പകരം കട ലഭിക്കുന്നതിന് കാലതാമസം വന്നതിനാൽ പദ്ധതി നിർവഹണത്തിനും കാലതാമസം വന്നു. തുടക്കത്തിൽ മറ്റൊരു പേരാണ് നിശ്ചയിച്ചിരുന്നതെങ്കിലും വി.എസിന്റെ വിയോഗത്തിനു ശേഷം പാർക്കിന് വി.എസിന്റെ പേര് നൽകാൻ ട്രിഡ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചത്.
പാർക്ക് നിർമ്മിക്കുന്നത്......... 1.2 ഏക്കറിൽ
പദ്ധതി വിഹിതം.... 1.64 കോടി
ഒക്‌സിജൻ പാർക്ക് ഇങ്ങനെ വയോജന സൗഹൃദ നടപ്പാതകൾ
കുട്ടികളുടെ കളിയിടം, ജിംനേഷ്യം
പുൽത്തകിടിയിൽ വിശ്രമ സൗകര്യം
ജലധാരയും (വാട്ടർ ഫൗണ്ടൻ) ആമ്പൽ തടാകം.
ലഘുഭക്ഷണ കിയോസ്‌ക്കുകൾ.
പബ്ലിക് ടോയ്‌ലെറ്റ്.
ഓപ്പൺ എയർ ഓഡിറ്റോറിയം. 24 മണിക്കൂർ സുരക്ഷാസംവിധാനം.
രണ്ട് പാളിയായി
24 മണിക്കൂറും ഓക്‌സിജൻ പുറത്ത് വിടുന്ന മരങ്ങളും മരുന്നുചെടികളും ഉൾപ്പെടുന്നതാണ് ഒക്‌സിജൻ പാർക്കുകൾ.ഓക്സിജൻ പാർക്കുകൾക്ക് രണ്ട് പാളികളുണ്ടാകും. ആദ്യപാളിയിൽ വേപ്പ്,പന,അത്തി പോലുള്ളവ. രണ്ടാം പാളിയിൽ കറ്റാർവാഴ, തുളസി പോലുള്ള ഔഷധസസ്യങ്ങൾ.