ബീഹാറിൽ മുന്നണിയിൽ ഉടക്ക്; ജെ.എം.എം മഹാസഖ്യം വിട്ടു
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്രു തർക്കം രൂക്ഷമായതോടെ 'ഇന്ത്യ" മുന്നണി ഉലയുന്നു. ബീഹാറിലെ മഹാസഖ്യത്തിൽ നിന്ന് ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) പിന്മാറി. സ്വന്തം നിലയിൽ ആറു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇവർക്കായി ജെ.എം.എം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറൻ അടക്കം പാർട്ടിയിലെ മുതിർന്ന നേതാക്കൾ പ്രചാരണത്തിനിറങ്ങും. സീറ്റു ചർച്ചയിൽ അവഗണിക്കപ്പെട്ടുവെന്ന തോന്നലാണ് പാർട്ടിക്കുള്ളത്. 12 സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും ധാരണയായില്ല. ബീഹാർ തിരഞ്ഞെടുപ്പിനു ശേഷം 'ഇന്ത്യ" സഖ്യം പൂർണമായി വിടുമെന്നും സൂചന നൽകി. ജാർഖണ്ഡിലും സഖ്യം പുനഃപരിശോധിച്ചേക്കുമെന്ന് ജെ.എം.എം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ ഇന്നലെ മുന്നറിയിപ്പ് നൽകി. 2024ലെ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.എം.എം ആറു സീറ്റുകളാണ് ആർ.ജെ.ഡിക്ക് നൽകിയത്. ആർ.ജെ.ഡി എം.എൽ.എയെ മന്ത്രിയാക്കിയെന്നും സുപ്രിയോ ഓർമ്മിപ്പിച്ചു. നവംബർ 11ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ചകായ്,ദംധാഹ,കട്ടോരിയ,മനിഹാരി,ജമുയി,പിർപൈൻതി എന്നീ സീറ്റുകളിലേക്കാണ് ജെ.എം.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
പലയിടത്തും
നേർക്കുനേർ
നവംബർ ആറിലെ ആദ്യഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നാമനിർദ്ദേശപത്രികാ സമർപ്പണം പൂർത്തിയായപ്പോൾ, ആറിൽപ്പരം സീറ്റുകളിൽ മുന്നണിയിലുൾപ്പെട്ട പാർട്ടികളുടെ സ്ഥാനാർത്ഥികൾ നേർക്കുനേർ അണിനിരന്നിരിക്കുകയാണ്. 20നകം പത്രിക പിൻവലിച്ചില്ലെങ്കിൽ നേരിട്ടുള്ള മത്സരത്തിലേക്ക് നീങ്ങും. പല മണ്ഡലങ്ങളിലും ഒന്നിലധികം 'ഇന്ത്യ' മുന്നണി സ്ഥാനാർത്ഥികൾ അണിനിരന്നത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പത്തിനിടയാക്കി. ലാൽഗഞ്ച് - വൈശാലി എന്നിവിടങ്ങളിൽ ആർ.ജെ.ഡിയും കോൺഗ്രസും സമയവായത്തിലെത്തിയില്ല. പ്രത്യേകം സ്ഥാനാർത്ഥികളെ രണ്ടിടത്തും നിറുത്തി. ബച്ച്‌വാര,രാജാപകാർ,റോസേര എന്നിവിടങ്ങളിൽ സി.പി.ഐ സ്ഥാനാർത്ഥികൾക്കെതിരെ പ്രാദേശിക കോൺഗ്രസ് നേതാക്കളെ മത്സരത്തിനിറക്കി. ആർ.ജെ.ഡിയും വികാസ്ശീൽ ഇൻസാൻ പാർട്ടിയും പല സീറ്റുകളിലും ധാരണയാക്കാൻ കഴിയാതെ ഉഴലുന്നു. അതേസമയം, ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 1250ൽപ്പരം പേർ നാമനിർദ്ദേശം സമർപ്പിച്ചു. 121 മണ്ഡലങ്ങളാണ് നവംബർ 6ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
രാഹുലിന്റെ മൗനം എന്തിന് ?
വോട്ടുകൊള്ള ആരോപണത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ചു. എൻ.ഡി.എയിൽ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും അവകാശപ്പെട്ടു. ഇന്നലെ പാട്നയിൽ ലോക് ജൻശക്തി പാർട്ടി (രാംവിലാസ്) അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനുമായി അമിത് ഷാ ചർച്ച നടത്തി. ആർ.ജെ.ഡിയിലെ തേജസ്വി യാദവാണ് 'ഇന്ത്യ' മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് റിപ്പോർട്ടുകളുണ്ടല്ലോയെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ 'ഇന്ത്യ' മുന്നണി പോലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ചിരാഗ് പ്രതികരിച്ചു.