പാഴ്സൽ നൽകിയില്ല : കിയോസ്ക് വാഹനമിടിച്ച് തകർത്തു
പോത്തൻകോട് : പാഴ്സൽ നൽകാത്തതിന്റെ ദേഷ്യത്തിൽ പായസക്കച്ചവടം നടത്തുന്ന കിയോസ്ക് വാഹനം കൊണ്ടിടിച്ച് തകർത്തു. കടയിലെ ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പോത്തൻകോട് അയിരൂപ്പാറ ഫാർമേഴ്സ് ബാങ്കിന് സമീപം റോഡുവക്കിൽ പായസക്കച്ചവടം നടത്തിവന്ന കിയോസ്ക് ആണ് ഇടിച്ചുതകർത്തത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. പാഴ്സൽ തീർന്നുപോയി എന്ന് പറഞ്ഞപ്പോൾ കിയോസ്ക് ജീവനക്കാരനും പ്രതിയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് കാർ അമിത വേഗതയിൽ പിറകോട്ടെടുത്ത് കിയോസ്ക് തകർത്തശേഷം ഓടിച്ചുപോയി. കിയോസ്കിൽ ഉണ്ടായിരുന്ന കാര്യവട്ടം സ്വദേശി യാസീൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വാഹന നമ്പർ പരിശോധിച്ച് മൊബൈൽ നമ്പർ വഴി പോത്തൻകോട് പൊലീസ് വാഹന ഉടമയെ ഫോണിൽ വിളിച്ചപ്പോൾ നിങ്ങൾ കേസെടുത്തോളൂ എന്നാണ് പറഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.