ഭോജ്പൂരി സൂപ്പർ താരത്തിന്റെ ഭാര്യ ചോദിക്കുന്നു ഒരു രൂപ
ബീഹാർ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
ന്യൂഡൽഹി: ഭോജ്പൂരി സൂപ്പർ താരം പവൻ സിംഗിന്റെ ദാമ്പത്യജീവിതത്തിലെ കല്ലുകടി ബീഹാർ തിരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചയാണ്. 'പവർ സ്റ്റാർ" എന്നറിയപ്പെടുന്ന ഭോജ്പൂരി താരം ബീഹാറിൽ ബി.ജെ.പിയുടെ മുഖമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കരാകാട്ട് മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും തോറ്രു. ബി.ജെ.പിയിൽ നിന്ന് പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് അന്ന് പുറത്താക്കി. ഒക്ടോബർ ഒന്നിന് വീണ്ടും പാർട്ടിയിലേക്ക് മടങ്ങിയെത്തി. ഇതിനിടെയാണ് കലഹിച്ചുനിൽക്കുന്ന മൂന്നാമത്തെ ഭാര്യ ജ്യോതി സിംഗ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നത്. അതും ഭർത്താവ് നേരത്തെ തോറ്റ കരാകാട്ട് ലോക്‌സഭാ മണ്ഡലത്തിലെ കരാകാട്ട് എന്ന പേരിൽ തന്നെയുള്ള നിയമസഭാ സീറ്റിൽ. പ്രതികാര ദുർഗയായി മാറിയിരിക്കുന്ന ജ്യോതി സിംഗ്, താൻ സാമ്പത്തികബുദ്ധിമുട്ടിലാണെന്ന് പറയുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു രൂപ നൽകി സഹായിക്കണമെന്ന് വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു. ബീഹാറിലെ രാഷ്ട്രീയ നാടകങ്ങൾക്കിടെ പവർ സ്റ്റാറിന്റെ ഭാര്യയുടെ രാഷ്ട്രീയ പ്രവേശനവും ക്രൗഡ് ഫണ്ടിംഗ് ശ്രമവും കൗതുകത്തോടെയാണ് ജനം കാണുന്നത്.
ജീവനാംശം 30 കോടി
വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ജീവനാംശമായി 30 കോടി രൂപയാണ് ജ്യോതി സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കോടതി തീരുമാനമെടുത്തിട്ടില്ല. ഭോജ്‌പൂരി സൂപ്പർ താരത്തിന്റെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെ പരിശോധിച്ചാകും തീരുമാനമെടുക്കുക. പവൻ സിംഗിന്റെ ആദ്യഭാര്യയുമായുളള ബന്ധം രണ്ടു വർഷം മാത്രമാണ് നിലനിന്നത്. രണ്ടാമത്തെ ഭാര്യ ആത്മഹത്യ ചെയ്‌തു. ജ്യോതി സിംഗ് നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നെങ്കിലും അതെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് പവന്റെ മറുപടി. നവംബർ 11നാണ് കരാകാട്ടിലെ വോട്ടെടുപ്പ്. ജൻസുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറുമായും, 'ഇന്ത്യ' മുന്നണിയിലെ ചില പാർട്ടികളുമായും ജ്യോതി സിംഗ് ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. മണ്ഡലത്തിൽ ജെ.ഡി.യു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബി.ജെ.പിയിലെ പവൻ സിംഗിന് ഇവിടെ അവസരമുണ്ടാകില്ലെന്നാണ് സൂചന.