വനംവകുപ്പ് ഓടിച്ച കടുവ കർഷകനെ കടിച്ചുകീറി

Sunday 19 October 2025 12:27 AM IST

 സംഭവം മൈസൂരുവിൽ

ബംഗളൂരു: വനംവകുപ്പിന്റെ ഓപ്പറേഷനിടെ ഓടിയ കടുവയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. മൈസൂരു സരഗൂർ ബഡഗലപ്പുരയിലാണ് സംഭവം. മഹാദേവ എന്ന കർഷകനെ കടുവ കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ കർഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനായാണ് വനംവകുപ്പ് സംഘമെത്തിയത്. കടുവയെ സംഘം തുരത്തിയോടിച്ചു. ഇതിനിടെ കൃഷിഭൂമിയിലെത്തി കർഷകനെ ആക്രമിക്കുകയായിരുന്നു. മറ്റു കർഷകർ മരത്തിന് മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. ഇവർ ബഹളം വച്ചതോടെ ഓടിപ്പോയി. സംഭവത്തിൽ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. അശാസ്ത്രീയ നടപടികളാണ് ആക്രമണത്തിനുകാരണമെന്ന് ഇവർ ആരോപിച്ചു. കർഷകന്റെ ചികിത്സാ ചെലവ് വഹിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വനംവകുപ്പിനോട് നി‌ർദ്ദേശിച്ചു.