കരൂർ ദുരന്തം: ടി.വി.കെ ധനസഹായം കൈമാറി
Sunday 19 October 2025 12:28 AM IST
ചെന്നൈ: കരൂർ അപകടത്തിൽ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി ടി.വി.കെ കേന്ദ്രങ്ങൾ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അക്കൗണ്ടിൽ നൽകി. വിജയ് കരൂരിലെത്താത്തതിലടക്കം ഡി.എം.കെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്‌യെ ആർ.എസ്.എസ് വേഷത്തിൽ അവതരിപ്പിച്ച് കാരിക്കേച്ചർ പങ്കുവച്ച് ഡി.എം.കെ വിഭാഗം രംഗത്തെത്തിയിരുന്നു.
കരൂർ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് ഡി.എം.കെയുടെ വിമർശനം. 17ന് വിജയ് കരൂരിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. സെപ്തംബർ 27നായിരുന്നു 41 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തം. ഇത്തവണ ദീപാവലി ആഘോഷം ടി.വി.കെയുടെ പേരിൽ പാടില്ലെന്നും കരൂർ ദുരന്തത്തിൽ മരിച്ചവരെ ഓർത്ത് അനുസ്മരണ പരിപാടികൾ മതിയെന്ന നിർദേശം വിജയ് അണികൾക്ക് നൽകിയെന്നാണ് സൂചന.