മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ് പാകിസ്ഥാന്റെ ഓരോ ഇഞ്ചും 'ബ്രഹ്മോസ്' പരിധിയിൽ

Sunday 19 October 2025 12:32 AM IST

ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമ്മിച്ച ആദ്യ ബാച്ച് ഫ്ളാഗ് ഓഫ് ചെയ്തു

ലക്‌നൗ: പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലിന്റെ പരിധിയിലാണെന്നും ഓപ്പറേഷൻ സിന്ദൂർ ട്രെയിലർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ ലക്‌നൗ യൂണിറ്റിൽ നിർമ്മിച്ച സൂപ്പർസോണിക് ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് ഫ്ളാഗ് ഓഫ് ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മോസ് മിസൈൽ അതിന്റെ സാങ്കേതിക മികവ് തെളിയിച്ചു കഴിഞ്ഞെന്നും ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിരോധ ശക്തി ബോദ്ധ്യപ്പെടുത്തിയെന്നും ഓപ്പറേഷൻ സിന്ദൂർ ഓർമ്മിപ്പിച്ചുകൊണ്ട് രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശക്തിയുടെ പ്രതീകമാണ് ബ്രഹ്മോസ്. രാജ്യത്തിന്റെ ആത്മവിശ്വാസത്തിന്റെ തെളിവുമാണ്. സേനയുടെ നട്ടെല്ലാണ്. ഇന്ത്യയ്ക്ക് പാകിസ്ഥാന് ജന്മം നൽകാൻ കഴിയുമെന്നതു പോലെ തന്നെ മറ്റെന്ത് ചെയ്യാൻ കഴിയുമെന്നും ഇപ്പോൾ പറയുന്നില്ല. ട്രെയിലർ പാകിസ്ഥാന് മനസിലായിട്ടുണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവർഷം 100 മിസൈലുകൾ വീതം നിർമിച്ച് കരസേനയ്ക്കും നാവികസേനയ്ക്കും വ്യോമസേനയ്ക്കും വിതരണം ചെയ്യും. ഏകദേശം 200 ഏക്കറിൽ, 380 കോടി രൂപ ചെലവിട്ടാണ് ബ്രഹ്മോസ് നിർമ്മാണത്തിന് സൗകര്യമൊരുക്കിയത്. നൂറുകണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ലക്‌നൗവിൽ നിർമ്മിച്ച ടൈറ്റാനിയം സൂപ്പർ അലോയ് മെറ്റീരിയൽസ് പ്ലാന്റും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങിൽ സന്നിഹിതനായിരുന്നു.