സയനൈഡിനെ തോൽപ്പിക്കും ഭീകരൻ

Sunday 19 October 2025 7:39 AM IST

ന്യൂയോർക്ക്: സയനൈഡിനേക്കാൾ മാരകമായ വിഷം അടങ്ങിയ മത്സ്യം. ഈ വിഷം മനുഷ്യരുടെ ഉള്ളിലെത്തിയാൽ ജീവൻ നഷ്ടപ്പെടാം. ഈ വിഷത്തെ വഹിക്കുന്ന അപകടകാരിയായ മത്സ്യത്തിന്റെ പേര് പഫർ ഫിഷ് എന്നാണ്.

പഫർ ഫിഷിലടങ്ങിയ അതിമാരക വിഷത്തിന് മനുഷ്യന്റെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലാക്കാൻ കഴിയും. ടെട്രോഡോടോക്സിൻ, സാക്സിടോക്സിൻ എന്നീ വിഷങ്ങളാണ് പഫർ ഫിഷിലുള്ളത്. ആഹാരം പാകം ചെയ്താലോ ശീതീകരിച്ചാലോ ഇവ നശിക്കുന്നില്ല.

മാരകമായ ഈ വിഷം മനുഷ്യരുടെ ഉള്ളിലെത്തി 20 മിനിറ്റിനുള്ളിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകും. അതേ സമയം, പഫർ ഫിഷിൽ വിഷം സംഭരിച്ചിരിക്കുന്ന ഭാഗങ്ങൾ പൂർണമായും നീക്കി പ്രത്യേക രീതിയിൽ വൃത്തിയാക്കിയെടുത്ത ശേഷം തയാറാക്കുന്ന വിഭവം ജപ്പാനിൽ പ്രചാരത്തിലുണ്ട്.

അതും അംഗീകാരം നേടിയ വിദഗ്ദ്ധ ഷെഫുകൾക്കാണ് പഫർ ഫിഷിനെ കൈകാര്യം ചെയ്യാൻ അനുമതി. യു.എസ് അടക്കമുള്ള രാജ്യങ്ങളിലേക്ക് പഫർ ഫിഷിനെ വാണിജ്യാടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്യുന്നതിന് വിലക്കുണ്ട്.

പഫർ ഫിഷിന് പിന്നിലെ അപകടം തിരിച്ചറിയാതെ, അതിനെ പാകം ചെയ്ത് കഴിച്ച് മരണത്തിന് കീഴടങ്ങിയവർ നിരവധിയാണ്. ബഹുഭൂരിപക്ഷം പഫർ ഫിഷ് സ്പീഷീസുകളും വിഷമുള്ളവയാണ്. ഇതിൽ ചിലത് ലോകത്തിലെ തന്നെ ഏറ്റവും വീര്യമേറിയ വിഷമുള്ള ജീവികളുടെ ലിസ്റ്റിൽപ്പെടുന്നു. അപകടം മുന്നിൽ കാണുമ്പോൾ ഇവയ്ക്ക് ശരീരം ബലൂൺ പോലെ വീർപ്പിക്കാൻ സാധിക്കും.