ഗാസയിൽ ഇസ്രയേൽ ആക്രമണം: 11 മരണം

Sunday 19 October 2025 7:39 AM IST

ടെൽ അവീവ്: ഗാസ സിറ്റിയിൽ ബസിന് നേരെയുണ്ടായ ഇസ്രയേലി ഷെൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് ആരോപിച്ചു. എല്ലാവരും ഒരു കുടുംബത്തിൽപ്പെട്ടവരാണെന്നും ഹമാസ് പറയുന്നു. അതേ സമയം,​ സംശയാസ്പദമായ സാഹചര്യത്തിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച വാഹനം ആക്രമിച്ചെന്നാണ് ഇസ്രയേലിന്റെ പ്രതികരണം. ഈമാസം 10നാണ് ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. അന്ന് മുതൽ 28 പേരെ ഇസ്രയേൽ വധിച്ചെന്ന് ഹമാസ് ആരോപിച്ചു. ഗാസയുടെ 53 ശതമാനം പ്രദേശം ഇപ്പോഴും ഇസ്രയേൽ നിയന്ത്രണത്തിലാണ്. അതേ സമയം,​ ഇന്നലെ പുലർച്ചെ ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറി. ഇതുവരെ കൈമാറിയ ബന്ദികളുടെ മൃതദേഹം 10 ആയി. ഇനി 18 മൃതദേഹങ്ങൾ ഗാസയിൽ ശേഷിക്കുന്നു. 15 പാലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രയേലും കൈമാറി. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് ഏതാനും മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ഗാസയിലെ മരണസംഖ്യ 68,116 ആയി.