എട്ടിന്റെ പണി നൽകി എയർ ഇന്ത്യ; ദീപാവലി ആഘോഷിക്കാനാകാതെ ഇറ്റലിയിൽ കുടുങ്ങി ഇന്ത്യക്കാർ
ന്യൂഡൽഹി: നാട്ടിലെത്തി ദീപാവലി ആഘോഷിക്കാമെന്ന് കരുതിയ ഇന്ത്യക്കാർ ഇറ്റലിയിൽ കുടുങ്ങി. ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ അപ്രതീക്ഷിതമായി റദ്ദാക്കിയതോടെയാണ് നൂറോളം ഇന്ത്യക്കാർ വലഞ്ഞത്. ഒക്ടോബർ 17നാണ് മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എഐ 138 വിമാനം സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി റദ്ദാക്കിയത്.
256 യാത്രക്കാരും 10ലധികം ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലെ യാത്രക്കാർ. ഒക്ടോബർ 20നോ അതിനുശേഷമോ മാത്രമേ യാത്രക്കാർക്ക് ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂവെന്നും അല്ലെങ്കിൽ മറ്റ് എയർലൈനുകളിൽ ദീപാവലിക്ക് ശേഷം യാത്രാ സൗകര്യം ഒരുക്കുമെന്നും എയർ ഇന്ത്യ വിശദീകരിച്ചു. ഇതോടെ ഒക്ടോബർ 20ന് നാട്ടിലെത്തി ദീപാവലി ആഘോഷിക്കാനാകാതെ കുടുങ്ങിയിരിക്കുകയാണ്.
തിങ്കളാഴ്ച വിസാ കാലാവധി അവസാനിക്കുന്ന ഒരു യാത്രക്കാരന് ഞായറാഴ്ച മറ്റൊരു എയർലൈനിൽ കമ്പനി യാത്രാ സൗകര്യം ഒരുക്കിനൽകി. എല്ലാ യാത്രക്കാർക്കും ഹോട്ടലിൽ താമസസൗകര്യവും ഭക്ഷണവും ഉറപ്പാക്കുമെന്നും ഉണ്ടായ അസൗകര്യത്തിന് ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു