ദോഹ ചർച്ചയിൽ അടിയന്തര തീരുമാനം; വെടിനിർത്തലിന് സമ്മതിച്ച് പാകിസ്ഥാനും അഫ്ഗാനും
കാബൂൾ: ദോഹയിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം. ശനിയാഴ്ച നടന്ന കൂടിയാലോചനയിലാണ് ഇരുരാജ്യങ്ങളും അടിയന്തര വെടിനിർത്തലിന് ഒപ്പുവച്ചത്. ചര്‍ച്ചയ്ക്ക് ഖത്തറും തുർക്കിയും മധ്യസ്ഥത വഹിച്ചെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സ്ഥിരമായ വെടിനിർത്തലിനായി വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് ഇരുരാജ്യങ്ങളും സമ്മതിച്ചുവെന്നും ഖത്തർ അറിയിച്ചു. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും വെടിനിർത്തൽ കരാർ അംഗീകരിച്ചു. പാകിസ്താന്റെ മണ്ണില്‍നിന്ന് അഫ്ഗാനില്‍നിന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു. പാകിസ്താന്റെ പ്രതിനിധി സംഘത്തിൽ ഖ്വാജ ആസിഫും പാക് ഇന്റലിജന്‍സ് മേധാവി ജനറല്‍ അസിം മാലിക്കുമടക്കമുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. താലിബാന്‍ പ്രതിരോധ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് പ്രതിരോധ മേധാവി മുഹമ്മദ് യാക്കൂബ് ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. ഈ മാസം 25-ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ വീണ്ടും കൂടിക്കാഴ്ച നടത്തും
വെടിവെപ്പ് തുടങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാനാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്. ഇതിനോട് അഫ്ഗാനിസ്ഥാൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞദിവസം പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് യുവക്രിക്കറ്റ് താരങ്ങളടക്കം എട്ടുപേരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. ഇതിനുമുന്‍പ് പാകിസ്ഥാനും അഫ്ഗാനും പരസ്പരം നടത്തിയ ആക്രമണങ്ങളില്‍ ഇരുരാജ്യങ്ങളിലെയും ഒട്ടേറെ സൈനികരും കൊല്ലപ്പെട്ടിരുന്നു.