ട്രെയിനിൽ  നിന്നിറങ്ങി സമൂസ  വാങ്ങി, പിന്നാലെ യാത്രക്കാരന് കിട്ടിയത് എട്ടിന്റെ പണി; അവസാനം  ട്വിസ്റ്റ്

Sunday 19 October 2025 2:49 PM IST

ജബൽപൂർ: ട്രെയിൻ യാത്രക്കിടെ ഓൺലൈൻ പേയ്‌മെന്റ് പണിമുടക്കിയതിനെ തുടർന്ന് സമൂസ വിൽപ്പനക്കാരൻ യാത്രക്കാരനെ കയ്യേറ്റം ചെയ്തു. മദ്ധ്യപ്രദേശിലെ ജബൽപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് യാത്രക്കാരൻ സമൂസ വാങ്ങാൻ ശ്രമിച്ചത്. എന്നാൽ ഗൂഗിൾ പേ പ്രവർത്തിക്കാതെ വന്നതോടെ യാത്രക്കാരൻ സമൂസ അവിടെ വച്ച് ട്രെയിനിൽ കയറാൻ ഓടി. ഇതിൽ പ്രകോപിതനായാണ് സമൂസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ കോളറിൽ പിടിച്ച് ബലമായി പണം ആവശ്യപ്പെട്ടത്. സംഭവത്തിെന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ട്രെയിൻ നീങ്ങി തുടങ്ങിയതോടെ മറ്റു വഴികളില്ലാതെ യാത്രക്കാരൻ തന്റെ സ്മാർട്ട് വാച്ച് വിൽപ്പനക്കാരന് ഊരി നൽകി ട്രെയിനിൽ കയറുകയായിരുന്നു.. സംഭവം ശ്രദ്ധയിൽപ്പെട്ട റെയിൽവേ അധികൃതർ ഉടൻ തന്നെ നടപടി സ്വീകരിച്ചു. റെയിൽവേ ലൈസൻസുള്ള സമൂസ വിൽപ്പനക്കാരനാണ് യാത്രക്കാരനെ കയ്യേറ്റം ചെയ്തതെന്ന് റെയിൽവേ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കയ്യേറ്റം ചെയ്ത വിൽപ്പനക്കാരനെ തിരിച്ചറിഞ്ഞതായും ആർപിഎഫ് ഇയാൾക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തതായും ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) വ്യക്തമാക്കി. കൂടാതെ ഇയാളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഇത്തരം ദുരനുഭവങ്ങൾ യാത്രക്കാർക്ക് ഉണ്ടാകാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.