കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിവേട്ട; ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരനെ പിടികൂടി. ഒമാനിൽ നിന്നെത്തിയ തൃശൂർ കൊരട്ടി സ്വദേശി എ ലിജീഷിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തുവച്ചായിരുന്നു പൊലീസ് ഇയാളെ എംഡിഎംഎയുമായി പിടികൂടിയത്.
കാർഡ് ബോർഡ് പെട്ടിയിൽ 21 പാക്കറ്റുകളിലാക്കി മറ്റ് വസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ വിദേശത്തേക്ക് പോയതെന്ന് പൊലീസ് പറയുന്നു. മലപ്പുറം ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. ആർക്കുവേണ്ടിയാണ് ഇത് എത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം, ദിവസങ്ങൾക്ക് മുൻപ് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ 1.5 കോടി വില വരുന്ന സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര ടെർമിനലിലെ വേസ്റ്റ് ബിന്നിനുള്ളിൽ നിന്നാണ് 1.7 കിലോഗ്രാം തൂക്കമുള്ള സ്വർണ സംയുക്തം പിടികൂടിയത്. വേർതിരിച്ചെടുത്തപ്പോൾ1.5 കിലോയോളം തൂക്കം വരുന്ന സ്വർണം ലഭിച്ചു.
വേസ്റ്റ് ബിൻ വൃത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളികളാണ് സ്വർണമടങ്ങിയ പായ്ക്കറ്റ് കസ്റ്റംസിന്റെ ശ്രദ്ധയിൽപെടുത്തിയത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനാണ് പിടിക്കപ്പെടുമെന്ന് ഭയന്ന് സ്വർണം വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിമാനക്കമ്പനി ജീവനക്കാരെ സ്വാധീനിച്ച് പുറത്തുകടത്താനായി താൽക്കാലികമായി ഒളിപ്പിച്ചതാകാനും സാദ്ധ്യതയുണ്ട്. കേസ് കസ്റ്റംസ് പ്രിവന്റീവിന് കൈമാറി.