ഭാര്യയെ കൊന്നത് കരിങ്കൽഭിത്തിയിൽ തലയിടിപ്പിച്ച്;കോട്ടയത്ത് യുവാവ് കൊന്നുകുഴിച്ചുമൂടിയ അൽപ്പാനയുടെ മൃതദേഹം പുറത്തെടുത്തു

Sunday 19 October 2025 3:56 PM IST

കോട്ടയം: അയർകുന്നത്ത് ഭർത്താവ് കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം പുറത്തെടുത്തു. പശ്ചിമബംഗാൾ സ്വദേശി അൽപ്പാനയുടെ മൃതദേഹമാണ് വീട്ടുപരിസരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സോണി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഘം ഇളപ്പാനിയിലെ വീട്ടിലെത്തിയത്. കൊലപാതകം നടത്തിയതിനുശേഷം രക്ഷപ്പെടാനുളള ശ്രമത്തിലായിരുന്നു സോണി. ഇതിനിടയിലാണ് പൊലീസ് പിടിയിലായത്.

കരിങ്കല്ലുപയോഗിച്ച് നിർമിച്ച മതിലിൽ തലയിടിപ്പിച്ചാണ് അൽപ്പാനയെ കൊന്നതെന്ന് സോണി മൊഴി നൽകി. തുടർന്ന് കുഴിയെടുത്ത് മൃതദേഹം മൂടുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഈ മാസം പതിനാലാം തീയതി രാവിലെ അയർകുന്നം പൊലിസ് സ്​റ്റേഷനിലെത്തി സോണി പരാതി നൽകിയത്. അതിനുശേഷം പൊലീസ് കേസ് രജിസ്​റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്നേദിവസം വൈകുന്നേരം സ്​റ്റേഷനിലെത്തണമെന്ന് പൊലീസ് സോണിയോട് പറഞ്ഞിരുന്നു.

പ്രതി എത്താതിരുന്നതോടെയാണ് പൊലീസിന് സംശയം തോന്നിയത്. സോണിയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അപ്പോഴാണ് പ്രതി കോട്ടയത്ത് നിന്ന് ട്രെയിനിൽ യാത്ര ചെയ്യുന്നതായുളള വിവരം ലഭിച്ചത്. ഇന്നലെ രാത്രിയോടെ എറണാകുളം ഠൗൺ റെയിൽവേ സ്‌​റ്റേഷനിലെത്തിയതോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ദ്വിഭാഷിയുടെ സഹായത്തോടെയാണ് പൊലീസ് സോണിയെ ചോദ്യം ചെയ്തത്. അൽപ്പാനയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകിയിരുന്നു. സോണി ഭാര്യയെ കൊന്നുമൂടിയ സ്ഥലത്ത് അധികം വീടുകളൊന്നുമില്ല. അധികമാരും ഈ പ്രദേശത്ത് വരില്ലെന്ന് ഉറപ്പിച്ച ശേഷമാണ് മൃതദേഹം കുഴിച്ചിട്ടതെന്നാണ് പ്രാഥമിക നിഗമനം.