ലോറി ഡ്രൈവർമാരെ 'പാഠം പഠിപ്പിക്കാൻ' എംവിഡി; പ്രത്യേക ക്ളാസുകൾ സംഘടിപ്പിക്കുന്നു

Sunday 19 October 2025 4:23 PM IST

തിരുവനന്തപുരം: ദേശീയപാത നിർമാണം പൂർത്തിയാകുന്നതിന് മുൻപായി ലോറി ഡ്രൈവർമാർക്ക് ലൈൻ ട്രാഫിക്കിനെക്കുറിച്ച് പരിശീലനം നൽകാൻ മോട്ടോർ വാഹന വകുപ്പ് (എംവിഡി). വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങളിൽ ലോറി ഡ്രൈവർമാർക്കായി പ്രത്യേക ക്ളാസ് സംഘടിപ്പിക്കും. കണ്ടെയ്‌നർ ഡ്രൈവർമാർക്കായിരിക്കും മുൻഗണന നൽകുകയെന്നാണ് വിവരം.

ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തുനിന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്ക്ക് കണ്ടെയ്‌നർ ഗതാഗതം വർദ്ധിക്കുമെന്നാണ് അധിക‌ൃതർ അറിയിക്കുന്നത്. വലിയ വാഹനങ്ങൾ കുറഞ്ഞ വേഗത്തിൽ സ്‌പീഡ് ട്രാക്കിൽ പോകുന്നതും സിഗ്നൽ നൽകാതെ ലൈൻ മാറ്റുന്നതും അപകടത്തിനിടയാക്കും. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ലോറി ഡ്രൈവർമാർക്കായി പരിശീലന ക്ളാസ് സംഘടിപ്പിക്കുന്നത്. പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളും രാസമിശ്രിതങ്ങളും കൊണ്ടുപോകുന്ന ലോറി ഡ്രൈവർമാർക്ക് സുരക്ഷാകോഴ്‌സ് നിർബന്ധമാണെങ്കിലും നിലവിൽ പരിശീലന സംവിധാനങ്ങളില്ല.

ഇതിനുപുറമെ ആംബുലൻസ് ഡ്രൈവർമാർക്ക് പ്രഥമശുശ്രൂഷയിൽ പരിശീലനം നൽകാൻ പദ്ധതിയുള്ളതായും സൂചനയുണ്ട്. നിലവിൽ 6000 ആംബുലൻസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ സ്വകാര്യ മേഖലയിലെ ആംബുലൻസ് ഡ്രൈവർമാർക്ക് പരിശീലനം ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ആംബുലൻസ് ഡ്രൈവർമാർക്ക് സുരക്ഷിത ഡ്രൈവിംഗിൽ പരിശീലനം നൽകുന്നതാണ് പരിഗണനയിലുള്ളത്. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസുകൾക്ക് വേഗപരിധി ബാധകമല്ലെങ്കിലും അപകടകരമായ ഡ്രൈവിംഗ് ഒഴിവാക്കേണ്ടത് പ്രധാനമാണ്. എടപ്പാൾ ഡ്രൈവിംഗ് കേന്ദ്രത്തിന്റെ 14 ജില്ലാ ഉപകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇവിടെയാകും പരിശീലനം നൽകുകയെന്നാണ് വിവരം.