വീട്ടിൽ തുളസിയുണ്ടോ? എന്നാൽ ഈ ദിവസം വെള്ളം ഒഴിക്കരുത്
മലയാളികളുടെ വീട്ടിൽ പൊതുവെ കാണുന്ന ഒരു ചെടിയാണ് തുളസി ചെടി. ഇതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഹിന്ദുക്കൾ തുളസിയെ ദേവിയായി കണക്കാക്കുന്നു. ഇഷ്ടദെെവങ്ങൾ തുളസി ഇല സമർപ്പിക്കുന്നത് പതിവാണ്. അതിനാൽ തന്നെ തുളസിച്ചെടി വീട്ടിലുണ്ടെങ്കിൽ അതിനെ നല്ല രീതിയിൽ പരിപാലിക്കണം. മോക്ഷത്തിനായി സഹായിക്കുന്ന സസ്യം കൂടിയാണ് തുളസിയെന്നാണ് വിശ്വാസം. എല്ലാദിവസവും രാവിലെ സൂര്യോദയ സമയത്ത് തുളസിക്ക് വെള്ളം അർപ്പിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കുമെന്നാണ് വിശ്വാസം.
എന്നാൽ തുളസി നനയ്ക്കാൻ പാടില്ലാത്ത ദിവസങ്ങളുണ്ട്. ആ ദിവസം തുളസി നനച്ചാൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. ഞായറാഴ്ച ദിവസം തുളസിയിൽ വെള്ളം നനയ്ക്കാൻ പാടില്ലെന്നാണ് പറയപ്പെടുന്നത്. ഏകാദശി ദിനത്തിലും പാടില്ല. അന്ന് തുളസി നിർജ്ജലവ്രതമായിരിക്കുമെന്നും വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസം നിങ്ങൾ ജലം അർപ്പിക്കുന്നതിലൂടെ തുളസിയുടെ വ്രതം മുടങ്ങും. ഇത് നിങ്ങളുടെ ധനനഷ്ടത്തിന് കാരണമാകും.
കുടുംബത്തിന്റെ ഐക്യത്തിനും സന്തോഷത്തിനും തുളസി ചെടി സഹായിക്കുന്നുവെന്നാണ് ജ്യോതിഷികൾ പറയുന്നത്. വീട്ടിൽ ഓന്നോ മുന്നോ അഞ്ചോ പോലെയുള്ള ഒറ്റ സംഖ്യകളിൽ വരുന്ന എണ്ണം വേണം തുളസി വയ്ക്കാൻ. ഹിന്ദു വിശ്വാസമനുസരിച്ച് കാർത്തിക മാസത്തിലെ ഒരു വ്യാഴാഴ്ചയാണ് തുളസി നടേണ്ടത്. ചെടി നടാനായി ഏറ്റവും നല്ല സ്ഥലം കിഴക്കാണ്. വടക്ക്, അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയിലും തുളസി നടാം. ചെടിക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.