അരയൻകാവിൽ റബർ വ്യാപാര സ്ഥാപനത്തിൽ മോഷണം
അരയൻകാവ്: അരയൻകാവ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജിനു റബേഴ്‌സ് എന്ന വ്യാപാര സ്ഥാപനത്തിൽ പട്ടാപകൽ മോഷണം നടന്നതായി പരാതി. ശനിയാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം. മുപ്പതിനായിരം രൂപയോളമാണ് നഷ്ടമായത്. ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് കടയിലെത്തി ജാതിപത്രി ആവശ്യപ്പെടുകയായിരുന്നു. കടയുടമ ജോയി ജാതി പത്രി തൂക്കി നോക്കുന്ന സമയത്ത് മോഷ്ടാവ് കടയുടെ മേശവലിപ്പ് തുറന്ന് പണം എടുത്തുവെന്നാണ് സംശയിക്കുന്നത്.
സാധനങ്ങൾ എടുക്കുന്നതിനിടെ തൊട്ടടുത്ത കടയിൽ പോയി ഉടൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് മോഷ്ടാവ് കടയിൽ നിന്ന് ഇറങ്ങിയത്. ഏറെനേരം കാത്തിരുന്നിട്ടും ഇയാളെ കാണാതായതോടെ ഉച്ചയൂണിനായി കടയടച്ച് വീട്ടിലേക്ക് പോയ ജോയി തിരിച്ചെത്തി മേശ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തൊട്ടടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓഫീസിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് സ്കൂട്ടറിൽ പോകുന്ന മോഷ്ടാവിന്റെ ദൃശ്യം വ്യക്തമായത്. ഉടൻ തന്നെ മുളന്തുരുത്തി പൊലീസിൽ പരാതി നൽകി. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.