ആർഎസ്എസ് റൂട്ട് മാർച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കും; അനുമതി നിഷേധിച്ച് തഹസിൽദാർ, പ്രശ്നം ഹൈക്കോടതിയിൽ

Sunday 19 October 2025 5:24 PM IST

ചിറ്റാപ്പൂർ: ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന റൂട്ട് മാ‌ർച്ചിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ആർഎസ്എസ് കർണാടക ഹൈക്കോടതിയെ സമീപിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചിറ്റാപ്പൂർ തഹസിൽദാർ നാഗയ്യ ഹിരേമത്താണ് അനുമതി നിഷേധിച്ചത്. 'ചിറ്റാപ്പൂർ പട്ടണത്തിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ആർഎസ്എസിന് പദയാത്രയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നു. ഇതു സംബന്ധിച്ച അവരുടെ അപേക്ഷയും നിരസിക്കുന്നു'- തഹസിൽദാർ ഉത്തരവിൽ വ്യക്തമാക്കി. കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ആർഎസ്എസ് പ്രവർത്തകരിൽ ഒരാളെ അറസ്‌റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ് പദയാത്ര സംഘടിപ്പിക്കുന്നതെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്.

ഭാരതീയ ദളിത് പാന്തേഴ്സ് പാർട്ടി പ്രവർത്തകർ ഇതേ റൂട്ടിൽ പ്രതിഷേധ റാലി നടത്താൻ അനുമതി തേടിയതായി ചിറ്റ‌ാപ്പൂർ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഭീം ആർമി അംഗങ്ങളും നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആർഎസ്എസ്, ഭീം ആർമി, ഭാരതീയ ദളിത് പാന്തേഴ്സ് എന്നീ മൂന്ന് പാർട്ടികൾ ഒരേ ദിവസം ഘോഷയാത്ര നടത്തിയാൽ, ഇവർക്കിടയിൽ സംഘർഷങ്ങൾ ഉണ്ടാകുമെന്നും അത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും തഹസിൽദാർ ഉത്തരവിൽ ചൂണ്ടിക്കാട്ടി. സ്വകാര്യ സംഘടനകൾ, വ്യക്തികളുടെ സംഘം, അസോസിയേഷനുകൾ എന്നിവയ്‌ക്ക് സർക്കാർ വസ്തു ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന് ഒരു ദിവസത്തിന് ശേഷമാണ് അനുമതി നിഷേധിച്ചുളള ഉത്തരവ് വന്നത്.

ചിറ്റാപ്പൂർ ടൗൺ മുനിസിപ്പൽ പൊലീസ് ശനിയാഴ്ച നടത്തിയ സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രധാന റോഡിൽ നിന്ന് ആർഎസ്എസ് സ്ഥാപിച്ച കട്ടൗട്ടുകളും ബാനറുകളും നീക്കം ചെയ്തു. റൂട്ട് മാർച്ചിന് അനുമതി നൽകുന്നതിന് മുമ്പ് അവ സ്ഥാപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലെ ആർ‌എസ്‌എസ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ പദ്ധതിയെച്ചൊല്ലിയുള്ള തർക്കം കൂടുതൽ രൂക്ഷമായി.

'സംഘപരിവാറും ആർ‌എസ്‌എസും മുൻകാലങ്ങളിൽ അംബേദ്കറുടെ ഭരണഘടനയെ എതിർത്തിരുന്നു. ഇപ്പോഴും അതിനെ എതിർക്കുന്നത് തുടരുന്നു. അതിനാൽ, അവരെക്കുറിച്ച് ജാഗ്രത പാലിക്കണം. സമൂഹത്തിനുവേണ്ടി നിലകൊള്ളുന്നവരുടെ കൂട്ടുകെട്ട് നിലനിർത്തുക. സാമൂഹിക മാറ്റത്തെ എതിർക്കുന്നവരുമായി സഹവസിക്കരുത്' - കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു. സുപ്രീം കോടതിചീഫ് ജസ്‌റ്റ‌ിസ് ബി.ആർ ഗവായിക്ക് നേരെ ചെരുപ്പെറിയാൻ അഭിഭാഷകൻ ശ്രമിച്ചതിനെ സിദ്ധരാമയ്യ ശക്തമായി വിമർശിച്ചു. 'ദളിതർ മാത്രമല്ല, എല്ലാവരും ഇതുപോലുള്ള പ്രവൃത്തികളെ എതിർക്കണം. അപ്പോൾ മാത്രമേ സമൂഹം മാറ്റത്തിന്റെ പാതയിലാണെന്ന വസ്തുതയിൽ നമുക്ക് ആശ്വാസം കണ്ടെത്താൻ കഴിയൂ. ബുദ്ധൻ, ബസവ, അംബേദ്കർ എന്നിവരുടെ ആശയങ്ങളിൽ ഞാൻ വിശ്വാസം അർപ്പിച്ചിട്ടുണ്ട്,- സിദ്ധരാമയ്യ പറഞ്ഞു.