കളംനിറഞ്ഞ് ഓൺലൈൻ കള്ളന്മാർ, പൊളിച്ചതിനേക്കാൾ കൂടുതൽ പൊള്ളിച്ചത്

Monday 20 October 2025 12:58 AM IST

കോട്ടയം : രണ്ട് ദിവസം കൊണ്ട് സൈബർ സെൽ പൊളിച്ചത് 75 ലക്ഷത്തിന്റെ തട്ടിപ്പ്, എന്നാൽ തട്ടിച്ചെടുത്തത് ഒന്നരക്കോടിയിലേറെ രൂപ! ജാഗ്രതാ നിർദ്ദേശം നൽകിയിട്ടും സൈബർ തട്ടിപ്പുകാരുടെ വലയിൽപ്പെടുന്നവർ ഏറുകയാണ്.

രണ്ട് ദിവസങ്ങളായി വെർച്വൽ അറസ്റ്റിലൂടെ ചങ്ങനാശേരി, മാങ്ങാനം സ്വദേശികളുടെ 50, 25 ലക്ഷം രൂപ വീതം തട്ടിയെടുക്കാനുള്ള ശ്രമമാണ് പൊലീസും, ബാങ്ക് ഉദ്യോഗസ്ഥരും ചേ‌ർന്ന് തടഞ്ഞത്. എന്നാൽ അശ്ലീല ലിങ്കിൽ തൊട്ടും, വീഡിയോ കോളിലുമായി മണിമല, കോട്ടയം സ്വദേശികളുടെ പണം തട്ടിപ്പ് സംഘം കൈക്കലാക്കി. മാനഭയമോർത്ത് ഇവർ പരാതി കൊടുക്കാൻ തയ്യാറായിട്ടില്ല. പലരൂപത്തിലും ഭാവത്തിലും സൈബർ തട്ടിപ്പുകാർ പതിയിരിക്കുയാണ്. പൊലീസ്, കസ്റ്റംസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ട്രായ്, സി.ബി.ഐ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇന്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ തുടങ്ങിയവരെന്ന വ്യാജേനയാണ് തട്ടിപ്പ്. ഫോൺ നഷ്ടമായത് മുതൽ ഫോണിലൂടെ അശ്ലീല പ്രചാരണം വരെയുണ്ട്. ഡോക്ടർമാരും, എൻജിനിയർമാരുമടക്കം കെണിയിൽ വീണിട്ടുണ്ട്.

സ്ത്രീകളുടെ പരാതി കൂടുതൽ സ്ത്രീകളെ വഞ്ചിക്കുന്ന കേസുകളാണ് കൂടുതൽ. 363 പരാതികളാണ് ഇത്തരത്തിൽ ലഭിച്ചിരിക്കുന്നത്. സൈബർ തട്ടിപ്പ്, സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കൽ, പണം തട്ടൽ തുടങ്ങിയവയാണ് ഭൂരിഭാഗവും. ഓൺലൈൻ തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (ഗോൾഡൻ അവർ) വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പണം തട്ടിയെടുത്തവർ വിവിധ അക്കൗണ്ടുകളിലേക്ക് ആദ്യം പണം മാറ്റും. കൃത്യസമയത്തിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ തിരിച്ചെടുക്കാനാകില്ല.

''വാട്‌സ് ആപ്പിലും, ഫേസ്ബുക്കിലും വരുന്ന വ്യാജ ഫ്രണ്ട്‌സ് റിക്വസ്റ്റുകളെ തിരിച്ചറിയണം. ഇത്തരം സൗഹൃദ അഭ്യർത്ഥനകൾ വരുമ്പോഴും, ചാറ്റ് ചെയ്യുമ്പോഴും കരുതൽ എടുക്കുക. പരിചയമില്ലാത്തവരോട് വീഡിയോകാൾ ചെയ്യാതെ ഇരിക്കുന്നതാണ് ബുദ്ധി.

-സൈബർ വിദഗ്ദ്ധർ

വ്യാജ പ്രൊഫൈലുകൾ ഡീ ആക്ടിവേറ്റ് ചെയ്യും

ലോക്കൽ പൊലീസിൽ പരാതി നൽകിയാലും ഉടനെ നടപടിയെടുക്കാൻ പരിമിതി

ഫോൺ പിടിച്ചെടുത്തോ അക്കൗണ്ടിന്റെ ലിങ്ക് ഉപയോഗിച്ചോ നടപടിയെടുക്കേണ്ടത് സൈബർ പൊലീസ്

മെസേജ് ഡിലീറ്റ് ചെയ്താൽ അവ തിരിച്ചെടുക്കാൻ ഫേയ്‌സ്ബുക്കിന്റെയും മറ്റും സഹായം തേടണം