ചിത്രീകരണം 119 ദിവസം പിന്നിട്ടു, ഒറ്റക്കൊമ്പൻ ഹോങ്കോങ്ങിൽ
സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്റെ ചിത്രീകരണം 119 ദിവസം പിന്നിടുന്നു. പാലയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റക്കൊമ്പന് നവംബറിലും ഡിസംബറിലും ചിത്രീകരണമുണ്ട്. ഡിസംബർ 8 ലെ പ്രസിദ്ധമായ കുരിശുപള്ളി തിരുനാളും ഒറ്റക്കൊമ്പനുവേണ്ടി ചിത്രീകരിക്കുന്നുണ്ട്. ഹോങ്കോങ്ങിലെ ചിത്രീകരണത്തോടെ പാക്കപ്പ് ആവും. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായ ഒറ്റക്കൊമ്പനിൽ തെന്നിന്ത്യൻ താരം അഭിനയ ആണ് നായിക. ജോജു ജോർജ് നായകനായി പണിക്കുശേഷം അഭിനയ അഭിനയിക്കുന്ന മലയാള ചിത്രമാണ്. മീനച്ചിൽ താലൂക്കിലെ പാലായെയും പരിസര പ്രദേശങ്ങളെയും ഒരുകാലത്ത് തന്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർത്ഥ കഥാപാത്രത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത്. ക്ളീൻ ഫാമിലി ആക്ഷൻ ഡ്രാമയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, കബീർ ദുഹാൻസിംഗ്, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജുപപ്പൻ, മേഘ്നരാജ്, സുചിത്ര നായർ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഷിബിൻ ഫ്രാൻസിസ് ആണ് രചന. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ഹർഷവർദ്ധൻ രാമേശ്വർ, എഡിറ്റിംഗ്: വിവേക് ഹർഷൻ, ഗാനങ്ങൾ: വയലാർ ശരത്ചന്ദ്രവർമ്മ, കലാ സംവിധാനം: ഗോകുൽദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനയ്ക്കൽ, ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. കോ പ്രൊഡ്യൂസേഴ്സ്: വി.സി. പ്രവീൺ, ബൈജു ഗോപാലൻ.