ത്രിശൂലവുമായി നന്ദമുരി ബാലകൃഷ്ണ: അഖണ്ഡ 2 ഡിസംബർ 5ന്
സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു രചനയും സംവിധാനവും നിർവഹിക്കുന്ന 'അഖണ്ഡ 2 : താണ്ഡവം" ഡിസംബർ 5 ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ഒരുക്കുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ബോയപതി ശ്രീനു- നന്ദമുരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം", ഇവരുടെ മുൻ ചിത്രമായ 'അഖണ്ഡ"യുടെ തുടർച്ചയാണ്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമുരി അവതരിപ്പിക്കുന്നു. റിലീസ് പ്രഖ്യാപിച്ച് പുറത്തിറക്കിയ പോസ്റ്രറിൽ നീളമുള്ള മുടിയും പരുക്കൻ താടിയുമുള്ള ലുക്കിൽ ബാലകൃഷ്ണയെ അവതരിപ്പിക്കുന്നു. ആഭരണങ്ങൾ ധരിച്ചിട്ടുണ്ട്. കയ്യിൽ ഒരു വമ്പൻ ത്രിശൂലവും കാണാൻ സാധിക്കും. പരമ്പരാഗതമായ കുങ്കുമവും തവിട്ട് നിറത്തിലുള്ളതുമായ വസ്ത്രങ്ങളും കഥാപാത്രത്തിന്റെ പുരാണപരവും ദൈവികവുമായ പ്രതിച്ഛായ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തിയിട്ടുണ്ട്. സംയുക്ത ആണ് നായിക. പാൻ ഇന്ത്യൻ സിനിമയായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും താരനിരയിലുണ്ട്. ഛായാഗ്രഹണം: സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം: തമൻ എസ്, എഡിറ്റർ: തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ: കോട്ടി പരുചൂരി, കലാസംവിധാനം: എ.എസ്. പ്രകാശ്, സംഘട്ടനം: റാം-ലക്ഷ്മൺ, പി.ആർ.ഒ: ശബരി.